പറവൂർ: ഹഷീഷും കഞ്ചാവും കൈവശം വച്ച കേസിലെ പ്രതി കോഴിക്കോട് വാവാട് കൊടുവള്ളി മാനിപുരം അടിമാറിക്കര മുഹമ്മദ് സാഹിറിന് (30) പറവൂർ അഡീഷനൽ സെഷൻസ് കോടതി 13 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 മാർച്ച് 5ന് രാത്രി 11.45 നാണ് 11.130 കിലോഗ്രാം കഞ്ചാവും 1.52 കിലോഗ്രാം ഹഷീഷ് ഓയിലും പിടികൂടിയത്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് കറുകുറ്റി കരയാപറമ്പിൽ മുഹമ്മദ് സാഹിർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ഇയാളുടെ കാറിൽ നിന്ന് അങ്കമാലി പൊലീസ് പൊലീസ് ഇൻസ്പെക്‌ടർ എൽദോ പോളിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഇൻസ്പെക്‌ടർ സോണി മത്തായി കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.