ആലുവ: തകർന്നു കിടക്കുന്ന പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ അപകടങ്ങൾ പതിവാകുന്നു. തോട്ടുമുഖം മുതൽ ചാലക്കൽ വരെയുള്ള ഭാഗങ്ങളിലാണ് അപകടം. വ്യാഴാഴ്ച രാത്രി ചൊവ്വര ജംഗ്ഷനിലെ തോട്ടുമുഖം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന അപകടമാണ് ഒടുവിലത്തേത്. റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരനായ കുട്ടമശേരി കുന്നുംപുറം ചേരിൽ സാദിഖ് മകൻ സഫ് വാൻ (20) പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ സഫ് വാനെ രാജഗിരി ആശുപത്രിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ഞായറാഴ്ച മഹിളാലയം കവലയിലെ കുഴിയിൽ ചാടി ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉളിയന്നൂർ സ്വദേശി സ്വലിഹ് സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും അബോധാവസ്ഥയിലാണ്. കാൽ മുട്ടിന് പരിക്കേറ്റ ഭാര്യ നിഷയെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇതുവരെ ആശുപത്രിയിൽ അഞ്ച് ലക്ഷം രൂപയോളം ചെലവായതായി ബന്ധുക്കൾ പറഞ്ഞു.
ഒരാഴ്ച മുമ്പ് ചാലയ്ക്കൽ പെരിയാർ പോട്ടറീസിന് സമീപം കുഴിയിൽ വീണ് കാലിനും കൈക്കും പരിക്കേറ്റ കീഴ്‌ത്തോട്ടത്തിൽ അലികുഞ്ഞ് ഒരാഴ്ചയായി വീട്ടിൽ വിശ്രമത്തിലാണ്. പതിയാട്ട് കവലയിൽ കുഴിയിൽ വീണ് മീൻ കച്ചവടക്കാരന്റെ ഓട്ടോറിക്ഷയുടെ ആക്‌സിൽ ഒടിഞ്ഞിരുന്നു. ഒരു മാസം മുമ്പ് പതിയാട്ട് കവലയിൽ നടന്ന അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.