road

മൂവാറ്റുപുഴ: തിരക്കേറിയ കൊച്ചി - ധനുഷ്കോടി റോഡിൽ അപകടം സൃഷ്ടിച്ച് സുരക്ഷാ സംവിധാനം ഏർപ്പെടുത്താതെയുള്ള നിർമാണ പ്രവർത്തനങ്ങൾ. മഴക്കാലമായതോടെ ഓട നിർമ്മിക്കാനുള്ള റോഡരികിലെ കുഴികളിലേക്ക് വാഹനങ്ങൾ തെന്നിവീഴുന്നത് പതിവാകുന്നു. കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഓടയും റോഡും തിരിച്ചറിയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം. രാത്രി തെരുവു വിളക്കുകൾ തെളിയുന്നത് അപൂർവം സ്ഥലങ്ങളിൽ മാത്രമാണുള്ളത്. റോഡരികിലെ കുഴികൾക്ക് അരികിൽ പ്ലാസ്റ്റിക്ക് ചരടുകൾ വലിച്ചു കെട്ടിയിരിക്കുന്നതല്ലാതെ മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കൊടുംവളവുകളിൽ അടക്കം നീളത്തിൽ കുഴികൾ എടുത്ത ശേഷം നിർമ്മാണം നടത്താതെ ഇട്ടിരിക്കുന്ന സ്ഥലങ്ങളും ഏറെയാണ്. സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ആവശ്യത്തിനില്ലാത്തതിനാൽ രാത്രി റോഡിലൂടെ വരുന്ന യാത്രക്കാരുടെ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിനു പല ഭാഗത്തും വീതി കുറഞ്ഞിരിക്കുകയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടും നടപടികൾ സ്വീകരിക്കാൻ അധകൃതർ തയ്യാറാകുന്നില്ല.

കൊച്ചി - ധനുഷ്കോടി റോഡിൽ ആവശ്യമായ സുരക്ഷയൊരുക്കി മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ അധികൃത‌ർ ശ്രദ്ധിക്കണം

എം.എസ്.ഷാജി

സെക്രട്ടറി

എസ്.എൻ.ഡി.പി യോഗം

കടാതി ശാഖ