fire

കോലഞ്ചേരി: വെള്ളത്തിൽ മുങ്ങിയ ഫോൺ തപ്പിയെടുക്കാനും രക്ഷാപ്രവർത്തന ജാഗ്രതയോടെ ഫയർഫോഴ്സ് രംഗത്ത്. ജീവന്റെ തുടിപ്പുകൾ മാത്രമല്ല ഫോണിന്റെ ജീവനും ഫയർഫോഴ്സിന് വിലപ്പെട്ടതു തന്നെ. പട്ടിമറ്റം ചെങ്ങര ഇരട്ടച്ചിറയ്ക്ക് സമീപം സെൽഫിയടുക്കുന്നതിനിടയിൽ കൈവിട്ടു പോയ ഒന്നര ലക്ഷം രൂപ വരുന്ന ഐ ഫോണാണ് പട്ടിമറ്റം ഫയർഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലെത്തിയ സംഘം മുങ്ങിയെടുത്തത്. കടയിരുപ്പ് സ്വദേശി ബേസിൽ ജോണിന്റെതാണ് ഫോൺ. യു.കെയിൽ പഠിക്കുന്ന ബേസിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പഠനാവശ്യങ്ങൾക്ക് കൂടി ഉപകാരപ്രദമാകും വിധം വാങ്ങിയ ഫോൺ നഷ്ടപ്പെട്ട ദുഃഖത്തിൽ ബേസിൽ നിന്നപ്പോൾ കൂട്ടുകാരാണ് ഫയർ ഫോഴ്സിന്റെ സഹായം തേടിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. മുങ്ങിയെടുത്ത ഫോൺ ഉടമയ്ക്ക് കൈമാറി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ്,​ സ്‌കൂബ മുങ്ങൽ വിദഗ്ദ്ധരായ എം. അനിൽകുമാർ, കെ.എൻ. ബിജു, എസ്. സൽമാൻ ഖാൻ, ജിത്തു തോമസ് എന്നിവർ ചേർന്നാണ് ഫോൺ മുങ്ങിയെടുത്തത്.