കൊച്ചി: കേന്ദ്ര കുടിവെള്ള പദ്ധതികളോട് മുഖംതിരിച്ച് എ.ഡി.ബി. വായ്പയുടെ മറവിൽ എസ്റ്റിമേറ്റ് തുകയുടെ 21 ശതമാനം അധികതുകയ്ക്ക് വിദേശ കമ്പനിയായ സോയൂസ് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കൊച്ചിയിൽ കുടിവെള്ളവിതരണം നൽകാനുള്ള കരാർ അഴിമതിക്ക് വേണ്ടിയാണെന്ന് ബി.എം.എസ്. ആരോപിച്ചു.
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 752 കോടി രൂപയുടെ കേന്ദ്രപദ്ധതിയിൽ നിന്ന് കൊച്ചിക്ക് പദ്ധതി ആവശ്യമില്ലെന്നറിയിച്ച് 2019ൽ ജല അതോറിട്ടി സ്വയം പിന്മാറി. കേന്ദ്ര പദ്ധതിയായ ജൽജീവൻ മിഷനിലൂടെ 44,714 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ഇതിനിടയിൽ കൊച്ചി കുടിവെള്ള പദ്ധതിയുടെ പേരിൽ എ.ഡി.ബി.യിൽ നിന്നും 2511 കോടി രൂപയുടെ വായ്പയാണ് സംസ്ഥാന സർക്കാർ എടുക്കുന്നത്. എ.ഡി.ബി. വായ്പയുടെ നിബന്ധനപ്രകാരം ജലവിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചാൽ വെള്ളത്തിന്റെ കച്ചവടമൂല്യം കൂടുകയും നിരക്ക് താങ്ങാൻ കഴിയാത്തതായി മാറും.
എ.ഡി.ബി. പദ്ധതിയുടെ മറവിൽ നഗരത്തിലെ ജലവിതരണം സ്വകാര്യകമ്പനിയെ ഏല്പിക്കാനുള്ള തീരുമാനം നടപ്പിലാക്കരുതെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്.) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജല അതോറിട്ടി മദ്ധ്യമേഖലാ ഓഫീസിന് മുൻപിൽ ഇന്ന് രാവിലെ 11ന് നടത്തുന്ന ധർണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ടി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ്. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, അതോറിട്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്, സംസ്ഥാന ഭാരവാഹികളായ കെ.പി. മധുസൂദനൻ, ആർ. സജി, പി. വിജയകുമാർ, വി.കെ. രജികുമാർ, ടി.ജി. നാനാജി, അനിൽകുമാർ കുനിയിൽ, എൻ. ഹരിനാരായണൻ എന്നിവർ പ്രസംഗിക്കും.