ആലുവ: കിഴക്കെ കടുങ്ങല്ലൂർ ബാങ്ക് ഭരണസമിതിയിലെ ഭാരവാഹി തിരഞ്ഞെടുപ്പിൽ സി.പി.ഐയുമായുണ്ടായ തർക്കത്തിനിടയിൽ സി.പി.എം ഏറ്റെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനം മാസങ്ങൾക്കുശേഷം ഒഴിഞ്ഞു. വൈസ് പ്രസിഡന്റ് സജീവ് കുമാരപിള്ളയാണ് കഴിഞ്ഞദിവസം സ്ഥാനം രാജിവച്ചത്.

ഇനി വൈസ് പ്രസിഡന്റ് സി.പി.ഐ തീരുമാനിക്കുന്ന ആളാകും.

സമുദായ സമവാക്യത്തിന്റെ പേരിലാണ് സി.പി.ഐയും സി.പി.എമ്മും തമ്മിൽ തർക്കമുണ്ടായത്. ബാങ്ക് പ്രസിഡന്റിന്റെ അതേ മതവിഭാഗക്കാരനെ സി.പി.ഐ വൈസ് പ്രസിഡന്റ് ആക്കരുതെന്നായിരുന്നു സി.പി.എം നിലപാട്. എന്നാൽ സി.പി.ഐ ഇതിന് വഴങ്ങാതെ ആളെ നിശ്ചയിച്ചത് സി.പി.എമ്മിനെ പ്രകോപിപ്പിച്ചു. ഇതേത്തുടർന്ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം സ്വന്തം സ്ഥാനാർത്ഥിയെ മത്സരിച്ച് ജയിപ്പിക്കുകയായിരുന്നു.

പിന്നീട് പഞ്ചായത്തിൽ സി.പി.ഐ എൽ.ഡി.എഫ് വിട്ടുനിൽക്കുകയായിരുന്നു. എൽ.ഡി.എഫ് ആഹ്വാനം ചെയ്യുന്ന പരിപാടികൾ സി.പി.ഐ ഇവിടെ സ്വന്തം നിലയിൽ സംഘടിപ്പിച്ച് പോരുകയായിരുന്നു. ലോക‌്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെകൂടി പശ്ചാത്തലത്തിലാണ് സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.