y

ആമ്പല്ലൂർ: വെള്ളത്തിൽ മുങ്ങിത്താണ രണ്ട് പെൺകുട്ടികൾക്ക് രക്ഷകനായി ഒലിപ്പുറം റയിൽവേ ഗേറ്റിലെ ചായക്കടക്കാരൻ കൈപ്പട്ടൂർ ചെമ്പകശേരി സി.കെ.സണ്ണി. കഴിഞ്ഞ 17ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. എന്നാൽ,​ പെൺകുട്ടികളാരെന്നോ എവിടെ നിന്ന് വന്നതാണെന്നോ സണ്ണിക്ക് അറിയില്ല.

സംഭവം ഇങ്ങനെ: ബുധനാഴ്ച് ഉച്ചയ്ക്ക് ഒന്നരയോടെ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോയിൽ അഞ്ച് പെൺകുട്ടികൾ വന്നിറങ്ങി തോട്ടറപുഞ്ചയുടെ ഭാഗമായ ഒലിപ്പുറം പാടത്തേക്ക് പോയി. ആമ്പലുകൾ പൂക്കുന്ന കാലമാണിത്. മിനിട്ടുകൾക്കകം കുട്ടികളുടെ നിലവിളിയാണ് കേട്ടത്. ചായ കുടിക്കാനെത്തിയ റയിൽവേ ജീവനക്കാരനും സണ്ണിയും ഓടിച്ചെന്നു. രണ്ട് കുട്ടികൾ മുങ്ങിപ്പോയെന്ന് കരയിലുള്ള കുട്ടികൾ പറഞ്ഞത് കേട്ട് സണ്ണി വെള്ളത്തിൽ എടുത്തുചാടി. ഒരു കുട്ടിയെ ഉടൻ രക്ഷിക്കാനായി. വീണ്ടും മുങ്ങിത്തപ്പിയപ്പോൾ രണ്ടാമത്തെയാളെ കിട്ടിയെങ്കിലും കുട്ടി കഴുത്തിൽ പിടിത്തമിട്ടതോടെ ശ്രമം ഉപേക്ഷിച്ചു. എങ്കിലും കുട്ടികളുടെ കരച്ചിൽ കണ്ടപ്പോൾ ജീവൻ പോലും മറന്ന് വീണ്ടും ചാടുകയും ആഴത്തിൽ നിന്ന് അവളെ വലിച്ച് കയറ്റുകയും ചെയ്തു. സമീപവാസിയായ പ്രതാപനാണ് സണ്ണിയെയും പെൺകുട്ടിയെയും വലിച്ചു കയറ്റിയത്. നാട്ടുകാരും പെൺകുട്ടികളും പ്രഥമശുശ്രൂഷ നൽകിയതോടെ രണ്ട് പെൺകുട്ടികളും അപകടനില തരണം ചെയ്തു. എന്നാൽ,​ ചെളിവെള്ളം കുടിച്ച് ഛ‍‍‌‍ർദ്ദിച്ച് അവശനായ സണ്ണി സ്വബോധത്തിലേക്ക് വരുമ്പോഴേക്ക് പെൺകുട്ടികൾ മടങ്ങിയിരുന്നു. എന്നും ഉച്ചയ്ക്ക് രണ്ടിന് തുറക്കുന്ന കട അന്ന് അര മണിക്കൂർ മുമ്പ് തുറന്നതാണ് കുട്ടികൾക്ക് രക്ഷയായത്. ആമ്പൽ പറിക്കാനും റീൽസെടുക്കാനും വരുന്നവർ ജാഗ്രത പാലിക്കണമെന്നു മാത്രമാണ് സണ്ണിയുടെ അഭ്യർത്ഥന.