തോപ്പുംപടി: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി വിപുലമായി ആഘോഷിക്കാൻ കൊച്ചി യൂണിയൻ, ശാഖാ, പോഷക സംഘടനാ, ശ്രീധർമ്മപരിപാലന യോഗം ഭാരവാഹികളുടെ സംയുക്തയോഗത്തിൽ തീരുമാനമായി. ജയന്തി ദിനാഘോഷങ്ങളുടെ പ്രാരംഭംകുറിച്ച് ചിങ്ങം 1ന് പതാകദിനമായി ആചരിക്കും.
യൂണിയൻ ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന ജയന്തിദിന ഘോഷയാത്രയിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ അണിനിരക്കും. പീതപതാകയുമേന്തി വിവിധ ശാഖകളിൽനിന്ന് ആയിരങ്ങൾ റാലിയിൽ അണിനിരക്കും.
യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷാണ് ചെയർമാൻ. യൂണിയൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യോഗം ഡയറക്ടർ ബോർഡ് അംഗം, യൂണിയൻ ഭാരവാഹികൾ, ശാഖാ സെക്രട്ടറി /പ്രസിഡന്റുമാർ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, ശ്രീധർമ്മപരിപാലന യോഗം ഭാരവാഹികൾ എന്നിവർ അടങ്ങുന്ന 101അംഗ ആഘോഷകമ്മിറ്റി നേതൃത്വം നൽകും.
ജയന്തിദിനത്തിൽ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.ബാബു തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ സംസാരിക്കും.