മൂവാറ്റുപുഴ: കാവുങ്കരയിൽ മൂവാറ്റുപുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ബലപ്പെടുത്താൻ നഗരസഭ കൗൺസിൽ എടുത്ത തീരുമാനം തടസപ്പെടുത്തുന്ന നടപടിയിൽ നിന്ന്
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം പിൻമാറണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ആർ. രാകേഷ് ആവശ്യപ്പെട്ടു. വർഷങ്ങളോളം ത്രീ സ്റ്റാർ ബീഡി കമ്പനി പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. മാർക്കറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ന്യൂ ബസാറിലേക്ക് പോകുന്ന റോഡിന്റെ വശത്താണ് കെട്ടിടമുള്ളത്. ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് കെട്ടിടം. ഇത് തകർന്നാൽ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലാകും പതിക്കുക.
കെട്ടിട നവീകരണത്തിന് ആറ് ലക്ഷം രൂപ അനുവദിച്ച് വർക്ക് ടെൻഡർ ചെയ്ത് കരാർ ഉറപ്പിച്ച് ബലപ്പെടുത്തൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ നിർമാണം ആരംഭിച്ച് ഏതാനും ദിവസത്തിനകം നിർത്തിവക്കുകയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ മൂലമാണ് നിർമാണം നിർത്തിയതെന്ന മറുപടിയാണ് ലഭിച്ചത്.
കെട്ടിടം തകർന്നാൽ ഈ വസ്തുവിൽ കൈയേറ്റം നടക്കാനും അതുവഴി ലക്ഷങ്ങൾ വില വരുന്ന ഭൂമി നഗരസഭക്ക് നഷ്ടമാകാനും ഇടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ബലപ്പെടുത്തി സംരക്ഷിക്കാൻ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചത്. ഇത് തടസപ്പെടുത്താൻ ഭരണ കക്ഷി അംഗം തന്നെ ശ്രമിക്കുന്നത് ശരിയല്ല. നിർത്തിവച്ച നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും രാകേഷ് ആവശ്യപ്പെട്ടു.