മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ജനവാസ മേഖലയിൽ പ്ലൈവുഡ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകരുതെന്ന് പഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മേഖലയിലെ തണ്ണീർത്തടങ്ങളും നീർച്ചാലുകളും മണ്ണിട്ട് നികത്തി ഭൂമിയുടെ സന്തുലനാവസ്ഥ തകർക്കുന്ന തരത്തിൽ മണ്ണുമല ഇടിച്ച് നിരത്തിയാണ് പ്ലൈവുഡ് കമ്പനി സ്ഥാപിക്കുന്നത്. ഇതിനായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി 2100ക്യുബിക് മീറ്റർ പാറ പൊട്ടിച്ച് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇത് അനുവദിക്കരുതെന്ന് കാണിച്ച് വാർഡ് മെമ്പർ അഗസ്റ്റ്യൻ തോമസ് (ജോളി വാമറ്റം) ആയവന ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന പാസാക്കി. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന ഈ കമ്പനിയുടെ നിർമ്മാണ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ ആയവന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.