1

കുമ്പളങ്ങി: കുമ്പളങ്ങിയിൽ നിന്ന് ആഞ്ഞിലിത്തറയിലേക്ക് എത്തണമെങ്കിൽ ആളുകൾ അര കിലോമീറ്റർ സർക്കസ് കളിക്കണം. റോഡിന് പകരം ചെളിക്കുളമാണ് അവിടെ. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിൽ വിതറിയ ചെങ്കൽ പൊടിയാണ് ഇപ്പോൾ നാട്ടുകാരുടെ നടുവൊടിക്കാൻ പാകത്തിൽ ചെളിക്കുണ്ടായി കിടക്കുന്നത്. ഇവിടെ അപകടവും പതിവാകുകയാണ്. കുമ്പളങ്ങിയിലെ ഹോംസ്റ്റേയിലേക്ക് പോയ കാർ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞിരുന്നു. കാൽനട യാത്ര അസാദ്ധ്യമാണ്.

നൂറോളം കുടുംബങ്ങളാണ് ആഞ്ഞിലിത്തറയിൽ താമസിക്കുന്നത്. ഒരു മരണം നടന്നാൽ റോഡിന് സമീപത്തുള്ള ശ്മശാനത്തിലെത്താൻ പോലും ആളുകൾക്ക് ബുദ്ധിമുട്ടാണ്. ജോലിയ്ക്കായി പോകുന്നവരും വിദ്യാർത്ഥികളും ഈ ചെളിക്കുണ്ട് താണ്ടി വേണം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ. കാലങ്ങളായി റോഡ് ഇങ്ങനെ കിടന്നിട്ടും അധികൃത‍ർ തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് റോഡ് പണിക്കായുള്ള ഫണ്ട് കണ്ടെത്തണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

അടിയന്തരമായി റോഡ് പണി നടത്താൻ അധികാരികൾ തയ്യാറാകണം. വിഷയത്തിൽ സ്ഥലം എം.എൽ.എ ഇടപെടണം

രാജപ്പൻ

പരിസരവാസി

റോഡ് നന്നാക്കാൻ എം.എൽ.എ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കും. അടിയന്തരമായി റോഡ് നന്നാക്കാൻ മുൻകൈ എടുക്കും

സൂസൻ ജോസഫ്

കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ്

വർഷങ്ങളായി ഈ ദുരിതം അനുഭവിച്ചു വരികയാണ്. നാട്ടുകാരുടെ ബുദ്ധിമുട്ട് അധികൃത‍ർ മനസ്സിലാക്കണം.

തോമാച്ചൻ

നാട്ടുകാരൻ