മരട്: സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് ആയെന്ന് സർക്കാർ വീരവാദം മുഴക്കുമ്പോഴും മരട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ചോർച്ച തടയാൻ ഷീറ്റ് തന്നെ ശരണം! അദ്ധ്യയന വർഷം ആരംഭിക്കും മുമ്പ് ചെയ്യേണ്ട അറ്റകുറ്റപ്പണി നടത്താത്തതാണ് കുരുന്നുകളുടെ ജീവനുപോലും ഭീഷണിയാകുന്ന വിധത്തിൽ സ്കൂളിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം.
5,6,7,8 ക്ലാസുകൾ നടക്കുന്ന കെട്ടിടമാണ് ഇപ്പോൾ ചോർന്നൊലിക്കുന്നത്. ചോർച്ചയുള്ളിടത്ത് പടുത വലിച്ചു കെട്ടിയിരിക്കുകയാണ്. ക്ലാസ് മുറികളിലെ സീലിംഗുകൾ അടർന്ന നിലയിലാണ്. ചുവരുകൾ പലയിടത്തും വിണ്ടുകീറിയിരിക്കുന്നു. അറ്റകുറ്റ പണികൾക്കായി 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും നഗരസഭ അലംഭാവം കാട്ടി പണി നടത്തിയില്ല. കാലവർഷം ശക്തമായപ്പോൾ സ്ഥിതി വഷളായി. സ്‌കൂൾ അധികൃതരുടെ സമ്മർദ്ദം ശക്തമായപ്പോൾ നഗരസഭ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കു മുകളിൽ ടർപോളിൻ ഷീറ്റ് വലിച്ചു കെട്ടുകയായിരുന്നു.
പിന്നിൽ രാഷ്ട്രീയം
നൂറു വർഷത്തോളം പഴക്കമുണ്ട് മരട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്. സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് നിലവാരത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുമ്പോൾ യു.ഡി.എഫ് ഭരിക്കുന്ന മരട് നഗരസഭ മുഖംതിരിച്ചു നിൽക്കുകയാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സ്കൂൾ കെട്ടിടം പുതുക്കി പണിയാത്തതിൽ കുട്ടികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. മരട് നഗരസഭാ എൽ.ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷാനവാസ്, കൗൺസിലർമാരായ ദിഷാ പ്രതാപൻ, ഇ.വി ബിന്ദു, ഉഷ സഹദേവൻ, സി,ടി. സുരേഷ്, ശാലിനി അനിൽ രാജ് എന്നിവർ കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു.
നഗരസഭ സ്‌കൂളിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം.
ദിഷാ പ്രതാപൻ
കൗൺസിലർ
എൽ.ഡി.എഫ്
അറ്റകുറ്റ പണി നഗരസഭ ഏറ്റെടുത്തത് മുതൽ വളരെ മോശമായാണ് നടക്കുന്നത്. കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിൽ മികച്ച വിദ്യാഭ്യാസം കൊടുക്കാൻ അധികൃതർ തയ്യാറാകണം
ചാർലി ഫെലിക്സ്
സെക്രട്ടറി
പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ
1965 - 70 പത്താംക്ളാസ് ബാച്ച്