അങ്കമാലി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നടത്തിയ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ ജനകീയശ്രദ്ധ ക്ഷണിക്കൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നിർമ്മാണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും മെല്ലെ പോക്ക് തുടരുന്നതിനാൽ പാറക്കടവ്, പീച്ചാനിക്കാട് തുടങ്ങിയ പ്രദേശത്തുള്ളവർ അങ്കമാലിക്കെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അങ്കമാലി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ടി.വൈ. ഏല്യാസും പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജിഷ ശ്യാമും അറിയിച്ചു.