തോപ്പുംപടി: മുണ്ടംവേലി ആനന്ദശേരി തറവാട് വേറിട്ടൊരു സംഗമത്തിന് സാക്ഷ്യം വഹിച്ചു. ഔസേപ്പ് - മറിയമ്മ ദമ്പതികളുടെ ആറാം തലമുറ വരെയുള്ള നൂറിലേറെ കുടുംബങ്ങൾ ഒത്തുകൂടിയത്. തറവാട് വീട്ടിലാണ് 90 വയസുകാരൻ മുതൽ അഞ്ചു വയസുകാരൻ വരെയുള്ള മക്കളും മരുമക്കളും പേരകുട്ടികളും അവരുടെ മക്കളുമൊക്കെയായി കൂടിയത്. കൊപ്ര കളത്തിലെ മൂപ്പനായിരുന്നു ഔസേപ്പ് ഏതാണ്ട് 70 വർഷം മുൻപാണ് വിടവാങ്ങിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മറിയമ്മയുടെ 45-ാമത് വേർപാട് വാർഷിക ദിനമായ ഇന്നലെയാണ് കുടുംബക്കാർ ഒത്തുചേർന്നത്. ഇരുവരുടെയും 11 മക്കളിൽ 9 പേർ ഇപ്പോഴില്ല. ശേഷിക്കുന്നവർ ലൂവിസും ആൻസലും ഉൾപ്പെടെ 327 പേരാണ് ഇന്നലെ തറവാട്ടിൽ ഒത്തുകൂടിയത്. ഡോക്ടർമാരും അദ്ധ്യാപകരും ബിസിനസുകാരുമെല്ലാം അടങ്ങുന്ന കുടുംബാംഗങ്ങൾ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് കുടുംബസംഗമത്തിന് എത്തിയത്.
ഔസേപ്പ് - മറിയമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ കൈ കുപ്പി കൂട്ടപ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മറിയമ്മയുടെ കുഴിമാടത്തിലും കുടുംബക്കാർ പ്രാർത്ഥിച്ചു. രാവിലെ 11 മണിയോടെ ഫോട്ടോഷൂട്ടിനായി കുടുംബക്കാർ നിരന്നു. ഉച്ചഭക്ഷണത്തിനു ശേഷം അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത ആണ്ട് ദിനം മനസ്സിൽ കുറിച്ചിട്ട് എല്ലാവരും പിരിഞ്ഞു.
തലമുറയും അംഗങ്ങളും
രണ്ടാം തലമുറ- 11
മൂന്നാം തലമുറ -52
നാലാം തലമുറ - 114
അഞ്ചാം തലമുറ -133
ആറാംതലമുറ - 17