പറവൂർ: തരിശ് രഹിത കരുമാല്ലൂരിനായി പഞ്ചായത്തിന്റേയും പാടശേഖര സമിതിയുടേയും നേതൃത്വത്തിൽ പാടത്ത് ഞാറ് നട്ടു. ജില്ലയുടെ നെല്ലറയായ കരുമാല്ലൂരിൽ വർഷങ്ങളായി തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതിന് പാടശേഖരസമിതി തീരുമാനിച്ചിരുന്നു. ഇതിന് തുടക്കം കുറിച്ച് ടി.കെ. റോഡിന് സമീപമുള്ള നെൽവയലിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഞാറ് നട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷയായി. കരുമാലൂർ പഞ്ചായത്തിൽ ആയിരത്തോളം ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. നൂറ് ഏക്കറോളം സ്ഥലം വർഷങ്ങളായി തരിശായി കിടക്കുകയാണ്. വില്ലേജ് - പഞ്ചായത്ത് രേഖകളിൽ ഭൂഉടമകൾ ആരെന്ന് വ്യക്തമല്ല. ഇവരെ കണ്ടെത്തുന്നതിന് റവന്യൂ വിഭാഗത്തിന്റെ എല്ലാ സേവനങ്ങളും നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, കൃഷി ഓഫീസർ എൽസ ഗെയിൽസ് തുടങ്ങിയവർ പങ്കെടുത്തു.
--------------------------------------------------------------
ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു
കളക്ടറുടെ ഞാറുനടൽ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് രണ്ട് പൂവ് കൃഷി ചെയ്ത പാടത്താണ് ഉദ്ഘാടന മാമാങ്കം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് എ.എം. അലി പറഞ്ഞു. ജനങ്ങളുടെ കണ്ണൽപൊടിയിടാൻ ഒരു വശത്ത് കൃഷി ഇറക്കുന്നു, മറുഭാഗത്ത് നിലംനികത്തി അനധികൃത ഹോട്ടൽ പണിയുന്നു. ഭരണനേതൃത്വത്തിന്റെ ഇരട്ടത്താപ്പാണിത്. കളക്ടറെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും അലി ആരോപിച്ചു.