പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഓണംകുളം ഊട്ടിമറ്റം റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായതോടെ ബസുകൾ റൂട്ട് മാറ്റി ഓടുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും സമരം ചെയ്തിട്ടും അധികാരികൾ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചില്ല. വെങ്ങോല സ്വാശ്രയ മലയാളി അസോസിയേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുജന പരാതി പരിഹാര സെല്ലിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പുന:രുത്ഥാന പ്രവർത്തിക്കായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അനുമതി ആയിട്ടില്ല. റോഡ് പ്രശ്നത്തിന് എത്രയും വേഗത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം സംഘടിപ്പിക്കുവാൻ വെങ്ങോല സ്വാശ്രയ മലയാളി റസിഡന്റ്സ് അസോസിയേഷൻ തീരുമാനിച്ചതായി ഭാരവാഹികളായ ശിവൻ കദളി, സന്തോഷ് വർഗീസ്, സി.എസ് .സുരേഷ്, പി.എ. മുരളി എന്നിവർ അറിയിച്ചു.