ആലുവ: വലതുപക്ഷ പാർട്ടികളുടേത് പോലെ സി.പി.എമ്മിലും സ്ഥാനമാനങ്ങൾ വീതം വയ്പ്പിലേക്ക്. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് വീതം വെയ്ക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് പ്രീജ കുഞ്ഞുമോനെ രാജിവെപ്പിച്ച് സി.കെ. ലിജിയെ പ്രസിഡന്റാക്കാനാണ് തീരുമാനം.
ഏരിയ കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതിനെ തുടർന്ന് വിവരം ഇന്നലെ നടന്ന എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ റിപ്പോർട്ട് ചെയ്തു. നാളെ രാവിലെ 11ന് എൽ.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി നിശ്ചയിക്കും.
എടത്തലയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മുൻധാരണ ഉണ്ടായിരുന്നുവെന്ന് ചൂണ്ടികാട്ടി എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് പ്രസിഡന്റ് മാറ്റത്തിനായി രംഗത്ത് വന്നത്. ഇതിനെതിരെ വെസ്റ്റ് ലോക്കൽ കമ്മിറ്റി നിലപാട് സ്വീകരിച്ചെങ്കിലും ഒടുവിൽ ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ തീരുമാനം നടപ്പാക്കുകയാണ്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. പ്രീജ കുഞ്ഞുമോൻ സംവരണ വാർഡിൽ നിന്നും സി.കെ. ലിജി ജനറൽ വാർഡിൽ നിന്നും മത്സരിച്ചാണ് വിജയിച്ചത്. 21 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് 12 അംഗങ്ങളുണ്ട്.
എൻ.സി.പി പ്രതിനിധിയായ വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ഖാദറിനെതിരെ സ്വന്തം പാർട്ടിക്കാരും രംഗത്തുണ്ട്. അഫ്സൽ കുഞ്ഞുമോനെ വൈസ് പ്രസിഡന്റാക്കാൻ പാർട്ടി തീരുമാനിച്ചെങ്കിലും അബ്ദുൽ ഖാദർ സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല.