പെരുമ്പാവൂർ: വല്ലം - പാണംകുഴി റോഡിനെയും കാലടി - മലയാറ്റൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോടനാട് മലയാറ്റൂർ - പാലം ലിങ്ക് റോഡ് തകർന്നു തരിപ്പണമായി. കുറിച്ചിലക്കോട് ജംഗ്ഷനിലും കുഴികൾ രൂപപ്പെട്ടതിനാൽ വലിയ ഗതാഗതക്കുരുക്കും പതിവാണ്. വല്ലം പാണംകുഴി റോഡും കുറിച്ചിലക്കോട് - കീഴില്ലം റോഡും സന്ധിക്കുന്ന കുറിച്ചിലക്കോട് ജംഗ്ഷനിൽ നിന്ന് കാലടി - മലയാറ്റൂർ റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. അങ്കമാലിയിൽ നിന്ന് തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ വഴിവരുന്ന വലിയ വാഹനങ്ങളും കാലടി ബ്ലോക്ക് ഒഴിവാക്കി മറ്റൂരിൽ നിന്ന് നീലേശ്വരം മലയാറ്റൂർ വഴിവരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കപ്രികാട് അഭയാരണ്യം, പാണിയേലി പോര്, മലയാറ്റൂർ കുരിശുമുടി, മഹാഗണിതോട്ടം, പ്ലാന്റേഷൻ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഇതുവഴിയാണ് യാത്രക്കാർ പോകുന്നത്. മലയാറ്റൂർ പള്ളി, മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ, കോടനാട് മാർ ഔഗേൻ സ്കൂൾ, കോടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും രോഗികളും സാധാരണക്കാരും ഉപയോഗിക്കുന്ന റോഡാണിത്.
കോടനാട് മലയാറ്റൂർ ലിങ്ക് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കേണ്ടതാണ്. ഉടൻ നടപടികൾ ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി മുന്നോട്ടു പോകും.
ദേവച്ചൻ പട്ടയാട്ടിൽ
സെക്രട്ടറി
ബി.ജെ.പി
പെരുമ്പാവൂർ മണ്ഡലം