പള്ളുരുത്തി: രാമായണ മാസത്തിൽ ക്ഷേത്രങ്ങളിലെ നിറസാന്നിദ്ധ്യമായി മാറി പള്ളുരുത്തി ശാണാശേരിവീട്ടിൽ എസ്.ജി. വിജയകുമാർ. മൂന്നര പതിറ്റാണ്ടിലേറെയായി രാമായണ പാരായണം വിജയകുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ക്ഷേത്രങ്ങളിൽ രാമായണ പാരായണവും പുരാണ പ്രഭാഷണങ്ങളും നടത്തുന്നതോളം പ്രിയപ്പെട്ട ചര്യ മറ്റൊന്നുമില്ല.
വിജയകുമാറിന് ഇതൊരു വരുമാനമാർഗമല്ല, തപസ്യയാണ്. പെരുമ്പടപ്പ് സ്വദേശി കുഞ്ചപ്പനാശാരിയാണ് ഗുരു. അയ്യപ്പൻകാവ് ക്ഷേത്രം, പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രം, അഴകിയകാവ് ഭഗവതി ക്ഷേത്രം, ശ്രീശങ്കരനാരായണ ക്ഷേത്രം, ശ്രീനാരായണ ഭജനസമിതി, കോണം ശ്രീമുരുകാത്ഭുത ക്ഷേത്രം, ആര്യകാട് ശ്രീരാമ ക്ഷേത്രം, തോപ്പുംപടി ഘണ്ടാകർണ ക്ഷേത്രം, കണ്ണമാലി ശ്രീഭദ്രകാളി ദേവീക്ഷേത്രം, പെരുമ്പടപ്പ് സർപ്പ സന്നിധി ക്ഷേത്രം, ശ്രീശങ്കരനാരായണ ക്ഷേത്രം തുടങ്ങി പശ്ചിമകൊച്ചിയിൽ വിജയകുമാർ പാരായണമോ പ്രഭാഷണമോ നടത്താത്ത ക്ഷേത്രങ്ങൾ അപൂർവമാണ്.
രാമൻകുട്ടി ഭാഗവതരിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽനിന്ന് ഗാനഭൂഷണം പാസായി. പള്ളുരുത്തി അഴകിയകാവ് ഭഗവതിയുടെ ഗാനാൽബത്തിൽ ഒരു ഗാനവും ശ്രീഭവാനീശ്വര ഗാനാൽബത്തിൽ 3 ഗാനങ്ങളും കൂടാതെ നിരവധി ദേശഭക്തിഗാനങ്ങളും വിജയകുമാറിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പള്ളുരുത്തിയിലാണ് താമസം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.