traffic

കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കളമശേരി എച്ച്. എം. ടി ജംഗ്ഷനിൽ ആഗസ്റ്റ് നാലുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കാരം നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എച്ച്. എം. ടി ജംഗ്ഷൻ ഒരു റൗണ്ടാക്കി മാറ്റാനാവുമോയെന്നു പരിശോധിക്കും.

ആര്യാസ് ജംഗ്ഷൻ മുതൽ ടി.വി. എസ് കവല വരെ ഒറ്റവരി ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിംഗ് ഒഴിവാക്കാനാണ് ശ്രമം.

ടി.വി.എസ് ജംഗ്ഷനിൽ വലത്തേക്ക് തിരിയാൻ ക്രമീകരണം ഏർപ്പെടുത്തും. ദേശീയപാതയിൽ നിന്ന് എച്ച്. എം. ടി ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗം വീതി കൂട്ടും. എച്ച്. എം. ടി ജംഗ്ഷനിൽനിന്ന് വാഹനങ്ങൾ വലത്തേക്ക് വിടില്ല. എല്ലാ വാഹനങ്ങളും ഇടത്തേക്കു തിരിഞ്ഞാകും പോവുക.

ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതുമായി സന്ദർശനം നടത്തിയതായിരുന്നു മന്ത്രി. പൊതുമരാമത്ത്, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. കൗൺസിലർമാരായ നഷീദ സലാം, ബഷീ൪ അയ്യപ്പുറത്ത്, കെ.എച്ച്. സുബൈ൪, പി.എസ്. ബിജു, സലിം പുതുവന, കെ.കെ. ശശി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പരിഷ്കാരം ഇങ്ങനെ

* ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശേരി ആര്യാസ് ജംഗ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജംഗ്ഷൻ വഴി ടി.വി.എസ് കവലയിലെത്തി ദേശീയ പാതയിൽ പ്രവേശിക്കണം.

* എറണാകുളത്തുനിന്ന് എച്ച്.എം. ടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടി.വി. എസ് കവലയിൽനിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം പ്രീമിയർ ജംഗ്ഷനിൽ നിന്ന് യു ടേൺ എടുത്ത് എച്ച്.എം.ടി ജംഗ്ഷനിലെത്തണം.

* മെഡിക്കൽ കോളേജ്, എൻ.എ.ഡി റോഡ് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്.എം.ടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ ടി.വി. എസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകണം.

* സൗത്ത് കളമശേരി ഭാഗത്തുനിന്ന് എച്ച്.എം. ടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടി.വി. എസ് കവലയിൽ നിന്ന് പ്രീമിയർ ജംഗ്ഷനിലെത്തി യു ടേൺ എടുത്ത് പോകണം.

പ്രീമിയർഭാഗത്തെ

ബസ് സ്റ്റോപ്പ് മാറ്റും

പ്രീമിയർ ഭാഗത്തെ റോഡിന് വീതി കൂട്ടാനും ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സീ പോർട്ട് ,​എയർ പോർട്ട് ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന ബസുകൾക്കായി സ്റ്റോപ്പും പ്രീമിയർ ജംഗ്ഷൻ മുതൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ഓട്ടോറിക്ഷകൾക്ക് മാത്രമായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതും പരിഗണിക്കും.