auditorium

കൊച്ചി: മഹാരാജാസ് കോളേജിൽ 2021ൽ നിർമ്മാണം ആരംഭിച്ച പുതിയ ഓഡിറ്റോറിയം സമീപകാലത്തെങ്ങും തുറക്കാനിടയില്ല. ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ജോലികൾ 90ശതമാനത്തോളം പൂർത്തിയായിട്ടും ലിഫ്റ്റ് നിർമ്മിക്കാനാവില്ലെന്ന നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ നിലപാടാണ് വെല്ലുവിളിയാകുന്നത്. റാംപും പണിതിട്ടില്ല. മഹാരാജാസ് കോളേജിൽ 180ലേറെ ഭിന്നശേഷി കുട്ടികൾ പഠിക്കുന്നുണ്ട്.

പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് മുൻകൈ എടുത്ത മഹാരാജാസ് പൂർവ വിദ്യാർത്ഥിയും മുൻ ധനമന്ത്രിയുമായിരുന്ന ഡോ. തോമസ് ഐസക്ക് പ്രശ്‌നപരിഹാരത്തിനായി രംഗത്തെത്തിയിരുന്നു. മഹാരാജാസിലെ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് തോമസ് ഐസക്കിനെ കോളേജിലെത്തിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയത്. പിന്നീട് പലവഴിക്ക് പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മുൻ പ്രിൻസിപ്പൽ വി.എസ്. ജോയി മന്ത്രിതലത്തിൽ രണ്ടു വട്ടം ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന് സ്ഥലം മാറി പോകേണ്ടി വന്നതും തിരിച്ചടിയായി. ഈ വിഷയത്തിൽ ഇടപെടാവുന്ന കോളേജ് ഗവേണിംഗ് കൗൺസിലിന്റെ തലപ്പത്ത് ആളില്ലാതെ ആറ് മാസത്തിലറെയായി നാഥനില്ലാക്കളരിയാണ്.

ധാരണയില്ലാതെ അധികൃതർ

മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയാണിത്. 13.5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. ലിഫ്റ്റ്, റാംപ് എന്നിവ കൂടി ഉൾക്കൊള്ളിച്ച് ഓഡിറ്റോറിയം നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ ഇനിയും 1.5 കോടി രൂപ കൂടി വേണ്ടി വരും. ഇത് എങ്ങനെ കണ്ടെത്തണമെന്നോ, ആര് കണ്ടെത്തുമെന്നോ കോളേജ് അധികൃതർക്ക് ധാരണയില്ല. സ്റ്റേജിന്റെ മറ്റ് പണികളും പൂർത്തിയായിട്ടില്ല. 3875.65 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് ഓഡിറ്റോറിയം. താഴെ പാർക്കിംഗ്. ഒന്നാം നിലയിൽ 700ഉം രണ്ടാം നിലയിൽ 350ഉം സീറ്റുകളാണുള്ളത്.

ഓഡിറ്റോറിയത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണം.
സി.ഐ.സി.സി ജയചന്ദ്രൻ
മഹാരാജാസ് ഓൾ സ്റ്റുഡന്റ്‌സ് അസോസിയേഷൻ


ഓഡിറ്റോറിയം

വിസ്തീർണം- 3875.65 ചതുരശ്രമീറ്റർ

നിലകൾ- മൂന്ന്

ആകെ സീറ്റുകൾ- 1050

നിർമ്മാണ തുക- 13.5കോടി

നിർമ്മാണ കരാർ- ഊരാളുങ്കൽ ലേബർ സൊസൈറ്റി