കൊച്ചി: തന്നിലെ കവിയാണ് തന്നിലെ ഉദ്യോഗസ്ഥന്റെ തലക്കനമില്ലാതാക്കിയതെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. സമൂഹത്തിന്റെ സങ്കടങ്ങൾ തന്റേതല്ലായെന്ന് ഒരു കവിക്ക് പറയാനാവില്ല. തന്നിലെ നന്മ വറ്റാതെ നോക്കിയത് കവിതയാണ്. എഴുതിയില്ലെങ്കിൽ തനിക്ക് ജീവിതത്തോട് നീതി പുലർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററും ഡോ. അഗസ്റ്റിൻ ജോസഫ് ഫൗണ്ടേഷനും പുലിറ്റ്സർ ബുക്‌സും ചേർന്ന് സംഘടിപ്പിച്ച 'കവി കെ. ജയകുമാറിനൊപ്പം" പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. ഡോ. അഗസ്റ്റിൻ ജോസഫ്, വിയോ വർഗീസ് എന്നിവർ കവിതാലാപനം നടത്തി. ചടങ്ങിൽ 'കവികൾക്ക് കവിയായ ധിക്കാരം" എന്ന പുസ്തകം കെ.ജയകുമാർ പ്രകാശനം ചെയ്തു. തനൂജ ഭട്ടതിരി, രാജു വള്ളിക്കുന്നം, കവി സെബാസ്റ്റ്യൻ, അനിൽ മിത്രാനന്ദപുരം, എൻ.എസ്. ഡെയ്‌സി എന്നിവർ പ്രസംഗിച്ചു.