സംസ്ഥാനത്തെ ആദ്യത്തെ ജലജീവി രോഗനിർണയ ഗുണനിലവാര പരിശോധനാ ലബോറട്ടറി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു
കൊച്ചി: ജലജീവി രോഗനിർണയവും ജലആവാസ വ്യവസ്ഥയുടെ സംരക്ഷണവും മത്സ്യ-ചെമ്മീൻ വിത്തുത്‌പാദന ഗുണനിലവാര പരിശോധനയും നടത്തുന്ന കുഫോസിന്റെ മാതൃകാ പരീക്ഷണശാല ദേശിയതലത്തിൽ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ ജലജീവി രോഗനിർണയ ഗുണനിലവാര പരിശോധനാ ലബോറട്ടറി സർവകലാശാല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രാധാനമന്ത്രി മത്സ്യസമ്പത പദ്ധതിയുടെ കീഴിൽ, 9.75 കോടി രൂപാ ചെലവഴിച്ച് 8000ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലബോറട്ടറിയാണ് കുഫോസിൽ സ്ഥാപിച്ചത്. ജലജീവികളിലെ രോഗനിർണയത്തിനും മത്സ്യത്തിലും മത്സ്യബന്ധന ഉത്പന്നങ്ങളിലും ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനും വെള്ളത്തിലും മത്സ്യത്തിലും ഘനലോഹ മലിനീകരണം കണ്ടെത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. സഞ്ചരിക്കുന്ന അക്വാ ക്ലിനിക്, ജലജീവി നിരീക്ഷണശാല എന്നിവയുമുണ്ട്.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. ദേവിക പിള്ള, സംസ്ഥാന ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
മൊബൈൽ അക്വാക്ലിനിക്
മത്സ്യ രോഗനിർണയത്തിനും മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണനിലവാര മാനദണ്ഡങ്ങൾ വിശകലനം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളോടുകൂടിയ മൊബൈൽ അക്വാക്ലിനിക്കിന്റെ സേവനം സംസ്ഥാനത്തെ 14 ജില്ലകളിലും ലഭ്യമാക്കും.
ബയോസെക്യുവർ വെറ്റ് ലാബ്
മത്സ്യങ്ങളെ നിരീക്ഷണ വിധേയമാക്കുന്നതിനുള്ള പ്രത്യേക ഇടം, വാക്‌സിൻ പരീക്ഷണങ്ങൾ വഹിക്കുന്നതിനുള്ള പ്രത്യേക മുറികൾ എന്നിവ ഈ സൗകര്യത്തിലുണ്ട്. രോഗാണുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണവും വാക്‌സിൻ വികസനത്തെക്കുറിച്ചുള്ള ഗവേഷണവും ഇവിടെ നടത്താം.