rajeev
എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല കളമശേരി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിന്റെ സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്യുന്നു

കൊച്ചി: വിദേശത്ത് പഠനത്തിനു പോകുന്നവർ സർവകലാശാലയുടെ മികവല്ല, രാജ്യമേതെന്ന് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും പാർട്ട് ടൈം ജോലിയെക്കുറിച്ചാണ് ചിന്തയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല കൊച്ചി കളമശേരി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതോടെ പഠനത്തോടൊപ്പം ജോലി എന്നത് ഇവിടെയും യാഥാർത്ഥ്യമാകും. പഠിക്കുന്ന വിഷയത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഗ്രേസ് മാർക്കും ലഭിക്കും. ലോകത്ത് അപൂർവം സർവകലാശാലകളിൽ മാത്രമേ ഇതുള്ളൂ.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇപ്പോൾ സ്റ്റാർട്ട്അപ്പുകളുണ്ട്. പുതിയ സിലബസ് സംരംഭകത്വ വികസനത്തിന് പ്രാധാന്യം നൽകിയുള്ളതാണ്.

വിദ്യാർത്ഥി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഗവേഷണ ഫലങ്ങൾ ഉപയോഗപ്പെടുത്താനും ഇൻഡസ്ട്രിയൽ പാർക്കുകൾ സഹായകമാകും. വിദ്യാർത്ഥികൾക്ക് അവിടെ ജോലി ചെയ്യാനും തൊഴിലിൽ മികവ് കൈവരിക്കാനും സ്റ്റൈപ്പന്റ് നേടാനും കഴിയും.

ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. കേരള സ്റ്റാർട്ടപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക, സർവകലാശാല സ്റ്റാർട്ട്അപ്പ് സെൽ വൈസ് ചെയർമാൻ ഡോ. ജി. വേണുഗോപാൽ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാർ ജേക്കബ്, പ്രൊഫ. ജി. സഞ്ജീവ്, ആഷിക് ഇബ്രാഹിം കുട്ടി തുടങ്ങിയവർ പങ്കെടുത്തു.