മൂവാറ്റുപുഴ: മൂവാറ്റുപുഴയെ ശരിക്കറിയാതെ വാഹനവുമായി നഗരത്തിലെത്തിയാൽ പണി കിട്ടും. ദിശാബോർഡുകൾ നോക്കി നഗരം കടക്കാൻ കരുതിയാൽ വട്ടം ചുറ്റേണ്ടി വരും. മൂവാറ്റുപുഴയിലെ ദിശാബോർഡുകളിൽ പലതും കാലപ്പഴക്കത്താൽ തുരുമ്പെടുത്തു. മറ്റു ചിലത് പായൽ പിടിച്ചും അക്ഷരം മാഞ്ഞും വായിക്കാനാവാത്ത സ്ഥിതിയിലാണ്. തെളിഞ്ഞു നിൽക്കുന്ന ദിശാ ബോർഡുകളാകട്ടെ വൃക്ഷങ്ങളുടെ ചില്ലകളാൽ മറഞ്ഞുകിടക്കുന്ന അവസ്ഥയിലും. പകൽ വെളിച്ചത്തിൽ പോലും ദിശാബോർഡുകൾ വായിച്ചെടുക്കുക അസാദ്ധ്യം! എം.സി റോഡിലും കൊച്ചി -ധനുഷ്കോടി റോഡിലും ചെറുതും വലുതുമായ റോഡുകളിലും എല്ലാമുള്ള ദിശാബോർഡുകളുടെ അവസ്ഥ ഇതുതന്നെ.
ദൂരദിക്കുകളിൽ നിന്ന് വാഹനവുമായി എത്തുന്നവർക്ക് ദിശാ ബോർഡുകൾ ആശ്വാസമായിരുന്നു. എന്നാൽ, ദിശാ ബോർഡുകൾ വായിക്കാൻ സാധിക്കാതെ പലരും വാഹനം നിർത്തി വഴി ചോദിക്കുകയാണ്. ഡ്രൈവർമാർ ദിശ അറിയാൻ സഡൻ ബ്രേക്കിട്ട് വാഹനം നിർത്തുന്നതിനാൽ അപകടം ഉണ്ടാകുന്നതും പതിവാണ്. വലിയ വാഹനത്തിന്റെ തൊട്ടുപിറകെ വരുന്ന ചെറുവാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കണ്ണുതുറക്കുന്നത്. ദിശാബോർഡുകൾ നന്നാക്കുന്നതിനൊപ്പം സിഗ്നൽ ലൈറ്റുകൾ കൃത്യമായി തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിശ തെളിയാൻ വേണം പൊതുമരാമത്തിന്റെ ശ്രദ്ധ
മരച്ചില്ലകൾ പോലുള്ള തടസങ്ങൾ നീക്കം ചെയ്യണം
ബോർഡുകളുടെ പൂപ്പലുകൾ കഴുകി വൃത്തിയാക്കണം
തുരുമ്പെടുത്തവ മാറ്റി സ്ഥാപിക്കണം
സിഗ്നൽ ലൈറ്റുകൾക്കും ദിശ ബോർഡുകൾക്കും കൃത്യമായ പരിശോധനയും പരിപാലനവും വേണം
നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ
വാഴപ്പിള്ളി
വെള്ളൂർക്കുന്നം
ബി.ഒ.സി
പി.ഒ.ജംഗ്ഷൻ
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
മൂവാറ്റുപുഴ നഗരത്തിലെ ചെറുതും വലുതുമായ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡുകളിൽ കാലപഴക്കത്താൽ ഉപയോഗശൂന്യമായത് മാറ്റി സ്ഥാപിക്കണം. ഒപ്പം സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
ആർ. രാജീവ്
കൺവീനർ
ലൈബ്രറി കൗൺസിൽ
മുൻസിപ്പൽ സമിതി