bjp

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശാന്തിഗിരി റോഡിൽ അപകട ഭീഷണിയായ കിണറിന് സംരക്ഷണ ഭിത്തിയൊരുക്കി മാതൃകയായി ബി.ജെ.പി പ്രവർത്തകർ. അശോകപുരത്ത് നിന്ന് നൊച്ചിമ വഴി കളമശേരിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ശാന്തിഗിരി റോഡിലാണ് സ്വകാര്യ വൃക്തിയുടെ കിണർ. സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ പലവട്ടം സ്ഥലം ഉടമയോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്.
20 അടിയോളം താഴ്ചയുള്ള കിണറിൽ ഇപ്പോൾ 18 അടിയോളം വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സ്‌കൂൾ വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന വഴിയിൽ ഈ കിണർ എപ്പോൾ വേണമെങ്കിലും അപകടം സൃഷ്ടിക്കുമായിരുന്നു. ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകർ സംരക്ഷണവേലി കെട്ടിയത്.
ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, കർഷക മോർച്ച ജനറൽ സെക്രട്ടറി പി.കെ. പ്രസന്നകുമാർ, മേഖല കൺവീനർ രാധാകൃഷ്ണൻ പാറപ്പുറം, വാർഡ് കൺവീനർ അഖിൽ ഭാസ്‌ക്കർ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. പ്രിജു, ടി.വി. ഗിരീഷ്, പി.എസ്. വിശ്വംഭരൻ, ജി.എ. ഗിരീഷ്, പി.എസ്. സുജേഷ്, സി.ആർ. ഗിരീഷ്, ജി.എൻ. ദാസൻ, പി.എം. ജിതിൻ, കെ.എൻ. ഹരിദാസ്, എം.കെ. രാമകൃഷ്ണൻ, എബിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.