കൊച്ചി: ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, വൈറൽ പനി..., ഒടുവിൽ എച്ച് വൺ എൻ വണും. പനിച്ചു വിറയ്ക്കുകയാണ് ജില്ല.
സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം നിറഞ്ഞു. ക്ലിനിക്കുകളിലേക്കും മെഡിക്കൽ ഷോപ്പുകളിലേക്കുമെല്ലാം പനിബാധിതരുടെ ഒഴുക്കാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ മുൻനിരയിലാണ് എറണാകുളം.
19 ന് സംസ്ഥാനത്ത് 136 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിൽ എറണാകുളത്ത് മാത്രം 32. 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്താകെ 83 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിൽ 12 പേർ ജില്ലയിലാണ്. സംസ്ഥാനത്ത് 25 പേർക്ക് മലേറിയ ബാധിച്ചതിൽ ജില്ലയിൽ നാല്.
ആലുവ, അയ്യമ്പുഴ, ബിനാനിപുരം, ചളിക്കവട്ടം, ചേരാനല്ലൂർ, ചോറ്റാനിക്കര, എടവനക്കാട്, എടത്തല, ഫോർട്ട്‌കൊച്ചി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. തമ്മനം, മുളവുകാട്, പട്ടിമറ്റം, ഉദയംപേരൂർ, മഴുവന്നൂർ, ഇലഞ്ഞി എന്നിവിടങ്ങളിലാണ് എലിപ്പനി ബാധിതർ. രായമംഗലം, മഴുവന്നൂർ തുടങ്ങിയ ഇടങ്ങളിലാണ് മലേറിയ ബാധിതർ. രണ്ടു മാസം മുൻപ് വേങ്ങൂരിൽ 253പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇവരിൽ പലരും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മൂന്ന് പേർ മരിച്ചു.
പനി മരണങ്ങൾ
19ന് ആലങ്ങാട് എച്ച1എൻ1 ബാധിച്ച് നാലുവയസുകാരനും ഈ മാസം നാലിന് ചെറുവട്ടൂരിൽ ഡെങ്കിപ്പനി ബാധിച്ച് 62കാരിയും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് 76 ദിവസം വെന്റിലേറ്ററിലായിരുന്ന യുവതിയും മരണത്തിന് കീഴങ്ങി. ജൂൺ 29ന് കാരണക്കോടത്ത് 79കാരൻ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.
പനിക്കണക്ക്
(തീയതി, പനിബാധിതർ, ലക്ഷണങ്ങളോടെ ചികിത്സ തേടിയവർ ബ്രായ്ക്കറ്റിൽ)
വൈറൽ പനി
19- 1061
18- 1165
17- 1210
16- 743
15- 1279
ഡെങ്കിപ്പനി
19- 32 (54)
18- 47 (36)
17- 39 (36)
16- 38 (40)
15- 41 (28)
എച്ച്1എൻ1
19- 2
18- 3
17- 1
16- 0
15- 1
എലിപ്പനി
19- 7 (3)
18- (3)
17- 1 (1)
16- 1 (1)
15- 2
മഞ്ഞപ്പിത്തം
19- 0
18- 4
17- 0
16- 1
15- 1
മലേറിയ
19- 2
18- 0
17- 0
16- 2
15- 0