road

നെടുമ്പാശേരി: കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തത് കുന്നുകര ഗ്രാമപഞ്ചായത്തിലെ അടുവാശേരി മാലായിക്കുന്ന് - ആലിക്കുന്ന് നിവാസികൾക്ക് തീരാദുരിതമായി. ഒന്നര വർഷത്തോളമായി തകർന്ന് തരിപ്പണമായ റോഡിലൂടെയാണ് നാട്ടുകാരുടെ യാത്ര.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ ഒന്നര വർഷം മുമ്പാണ് റോഡ് കുഴിച്ചത്. പൈപ്പുകൾ യഥാസമയം സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയതല്ലാതെ റീ ടാറിംഗ് നടത്തിയില്ലെന്നാണ് പരാതി. പൈപ്പുകൾ സ്ഥാപിച്ചിട്ടും റോഡിന്റെ അറ്റകുറ്റ പണികൾ നടത്താതെ അധികൃതർ നിസംഗത പുലർത്തുകയാണ്. മഴ ശക്തമായതോടെ റോഡിലൂടെ കാൽനട യാത്രയും ദുസ്സഹമായി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി. വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് ചെളിയഭിഷേകമാണ്.

രോഗികളുമായി ഈ തകർന്ന റോഡിലൂടെ യാത്ര ചെയ്യുവാൻ കഴിയുന്നില്ല. വിദ്യാർത്ഥികളും സ്ത്രീകളുമെല്ലാം വളരെ സാഹസികമായാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്നതിന് കരാർ എടുത്തവരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അലംഭാവമാണ് റീ ടാറിംഗ് വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.

അടുവാശേരി മാലായിക്കുന്ന് - ആലിക്കുന്ന് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ അടുവാശേരി യുവജന കൂട്ടായ്മ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് കൂട്ടായ്മ കൺവീനർ അരുൺകുമാർ, ഭാരവാഹികളായ സിജോ തോമസ്, അജിത്ത് ബാബു, കിരൺ, ശങ്കർദാസ് എന്നിവർ പറഞ്ഞു.