chappathi

കൊച്ചി: കാക്കനാട്ടെ ജയിലിലെ നളപാചക രുചിക്കൂട്ടുകൾക്ക് ആരാധകരേറിയതോടെ ജില്ലയിൽ ഒരുദിവസം വിൽക്കുന്നത് 20,000 ലേറെ ചപ്പാത്തികൾ. ഇതോടൊപ്പം ചിക്കനടക്കമുള്ള 'അകമ്പടിക്കാരുടെ" വില്പനയും കൂടി. രുചി കൂട്ടുന്ന കൃത്രിമ ചേരുവകളില്ലാത്ത ജയിൽ വിഭവങ്ങൾക്ക് വില കുറവാണെന്നതും സ്വീകാര്യത വർദ്ധിപ്പിക്കുന്നു. വില ഇതുവരെ കൂട്ടിയിട്ടില്ലാത്തതിനാൽ വില്പനയിൽ ചപ്പാത്തിയാണ് മുന്നിൽ.

100ലേറെ ബിരിയാണിയും ദിവസവും വിറ്റുപോകുന്നുണ്ട്. പ്രതിദിന വരവ് ശരാശരി ഒരു ലക്ഷം രൂപ. ചില ദിവസങ്ങളിൽ ഇത് 1.10 ലക്ഷമാകും. എല്ലാ ചെലവും കഴിഞ്ഞ് പ്രതിമാസം മൂന്നരലക്ഷം രൂപയോളം ലാഭം കിട്ടും.

ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ പൂർണമായും യന്ത്രസംവിധാനത്തിലാണ് നിർമ്മാണം. വിദഗ്ദ്ധരായ 15 പാചകക്കാർ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു. പുലർച്ചെ 2.30ന് അടുക്കള പ്രവർത്തനമാരംഭിക്കും.

കഴിഞ്ഞവർഷം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർസ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അവാർഡ് ലഭിച്ചിരുന്നു. അവധി ദിവസങ്ങളിൽ പൊതുവേ വില്പന കുറവായതിനാൽ അതിനനുസരിച്ചാണ് പാചകം. രണ്ടര ഏക്കറോളമുള്ള ജയിൽ വളപ്പിന്റെ ഒരു ഭാഗത്ത് പച്ചക്കറി കൃഷിയുണ്ട്. ഇതിലെ വിളവും ഹോർട്ടി കോർപ്പിൽനിന്നുള്ള പച്ചക്കറികളുമാണ് ഉപയോഗിക്കുന്നത്. ജൈവരീതിയിലാണ് ഉത്പാദനം.

 ഔട്‌ലെറ്റുകൾ

ജയിൽ കവാടം

 കലൂർ മെട്രോ സ്റ്റേഷൻ

 കച്ചേരിപ്പടി

 ഹൈക്കോർട്ട്

 ജില്ലാ കോടതി വളപ്പ്

 തൃപ്പൂണിത്തുറ

 മൊബൈൽ യൂണിറ്റുകളിലും വിൽപനയുണ്ട്.

 പാചകക്കാർക്ക്
പരിശീലനം

തടവുകാരിൽ പാചകത്തോട് താത്പര്യമുള്ളവർക്ക് പരിശീലനം നൽകും. പാചകക്കാരുടെ ആരോഗ്യപരിശോധനയും നടത്തും. റിമാൻഡ് തടവുകാരായതിനാൽ ഒന്നോ രണ്ടോ മാസമേ ഉണ്ടാകൂ. ഉടനെ അടുത്തയാളെ പഠിപ്പിച്ചെടുക്കണം. മറ്റു തടവുകാരുള്ള പ്രധാന ജയിലുകളിൽ ഈ പ്രശ്‌നമില്ല.

 വിലവിവരം

ഇനം, വില (രൂപയിൽ)
ചപ്പാത്തി (10 എണ്ണം) 20
മുട്ടക്കറി 20
ചിക്കൻകറി 30
വെജിറ്റബിൾ കറി 20
ചിക്കൻ ബിരിയാണി 70
മുട്ട ബിരിയാണി 55
ചില്ലി ചിക്കൻ 65
ചിക്കൻ 65, 60
ചില്ലി ഗോപി 25
പൊതിച്ചോറ് 50
ബിരിയാണി റൈസ് 40
വെള്ളം (ലിറ്റർ) 10

നിലവാരമുള്ളതും രുചികരവുമായ ഭക്ഷണം കുറഞ്ഞനിരക്കിൽ നൽകുന്നത് സാധാരണക്കാർക്ക് ഗുണകരമാണ്. പതിവായി വാങ്ങുന്നവരും ഏറെയുണ്ട്.

രാജു ഏബ്രഹാം
ജില്ലാ ജയിൽ സൂപ്രണ്ട്