sndp-paravur

പറവൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടുതവണ വന്നിറങ്ങിയ വടക്കുംപുറത്തെ ചരിത്ര പ്രാധാന്യമുള്ള പുഴക്കടവ് കെട്ടിയടച്ചതിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രതിഷേധിച്ചു. മുസിരിസ് പദ്ധതിയിൽ പുഴസംരക്ഷണത്തിന്റെ ഭാഗമായാണ് പുഴക്കടവ് കെട്ടിയടച്ചത്. 1918ലും 1928ലും ഗുരുദേവൻ ഈ കടവിലാണ് വഞ്ചിയിറങ്ങിത്. ശ്രീനാരായണീയർ പുണ്യസ്ഥലമായി പരിപാലിക്കുന്ന പുഴക്കടവ് കെട്ടിയടച്ചത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. എത്രയും പെട്ടന്ന് കടവ് പുനർനിർമ്മിക്കണമെന്നും യൂണിയൻ കൺവീനർ ഷൈജു മനയക്കപ്പടി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകും. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഷൈജു മനയ്ക്കപ്പടി പറഞ്ഞു. യൂണിയൻ കൺവീനറോടൊപ്പം കമ്മിറ്റി അംഗങ്ങളായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, വടക്കുംപുറം ശാഖാ പ്രസിഡന്റ് നിഷാ മണിയപ്പൻ, വി.എസ്. ഗോപാലകൃഷ്ണൻ, ബി. രാധാകൃഷ്ണൻ, ഷിനി, സനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.