ആലുവ: ആലുവ നഗരസഭ പരിധിയിൽ തെരുവുനായകളുടെ ശല്യവും മാലിന്യ നിക്ഷേപവും രൂക്ഷമാകുന്നു. തോട്ടക്കാട്ടുകരയിൽ പൊതുപ്രവർത്തകനും ഒരു സ്ത്രീക്കും കഴിഞ്ഞ ദിവസം തെരുവുനായകളുടെ കടിയേറ്റു. നഗരത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതാണ് തെരുവുനായ ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ നീക്കം കൃത്യമായി നടക്കാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമെന്നും നാട്ടുകാർ പരാതി പറയുന്നു. ഹരിതകർമ സേന അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും വീടുകളിലെ ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭാ അവസാനിപ്പിച്ചതാണ് പ്രശ്നമായത്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം. എല്ലാ വാർഡുകളിലും ബയോബിൻ മാലിന്യം കമ്പോസ്റ്റ് ആക്കി സംസ്‌കരിക്കുന്നതിന് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് ഇപ്പോഴത്തെ മാലിന്യ കൂമ്പാരങ്ങൾ വ്യക്തമാക്കുന്നത്.
നഗരത്തിലെ ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങളാണ് കവറുകളിലാക്കി വിവിധയിടങ്ങളിൽ തള്ളുന്നത്. നഗരത്തിലെ പ്രധാന വിദ്യാലയം സ്ഥിതി ചെയ്യുന്ന നസ്രത്ത് റോഡിലും മാലിന്യം തള്ളുന്നുണ്ട്.
മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭ ചെയർമാനടക്കം പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ലക്ഷങ്ങൾ മുടക്കി നഗരസഭാ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾക്ക് മുന്നിലും മാലിന്യ കൂമ്പാരങ്ങളുണ്ട്. ക്യാമറയുടെ പ്രവർത്തനവും നിരീക്ഷണവും കാര്യക്ഷമല്ല.
ഇന്ദിരാദേവി
കൗൺസിലർ