കൊച്ചി: നഗരത്തിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർക്ക് ഫേസ് ഫൗണ്ടേഷന്റെ കാരുണ്യഹസ്തം. ബോട്ട് ജെട്ടി, ഹൈക്കോടതി ജംഗ്ഷൻ, എം.ജി റോഡ്, എറണാകുളം ശിവക്ഷേത്ര പരിസരം, കടവന്ത്ര, വൈറ്റില ഹബ് എന്നിവിടങ്ങളിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന 500 പേർക്ക് ഫൗണ്ടേഷൻ പായയും പുതപ്പും വിതരണം ചെയ്തു. ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ടി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഫേസ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു. ടിന്റുമോൾ പ്രദീപ്, മെറ്റി ജേക്കബ്, ഷിബു ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.