കൊച്ചി: കുഡുംബി സമുദായ സംഘടനകളെ വിളിച്ചു വരുത്തി അവഹേളിച്ചതിൽ സമുദായംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് കേരള കുഡുംബി ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കിർത്താഡ്‌സിന്റെ റിപ്പോർട്ട് കിട്ടിയില്ലെന്ന് പറയാൻ മാത്രമായിട്ടാണ് പിന്നാക്ക കമ്മിഷൻ സിറ്റിംഗ് നടത്തിയത്. കുഡുംബി സമുദായത്തിന്റെ ഉന്നമനത്തിന് സർക്കാരിൽ നിന്നോ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നോ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാമൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, വൈസ് പ്രസിഡന്റ് പി.എൽ. ഉണ്ണികൃഷ്ണൻ, ട്രഷറർ സി.ആർ. മനോജ് കുമാർ, സെക്രട്ടറി എൻ. വിജയൻ, ശോഭനകുമാരി, സംസ്ഥാന കമ്മിറ്റിയംഗം പി. ആർ ഹരീഷ് കുമാർ, കെ.ബി. രാജേന്ദ്രൻ, ജി. രാജീവ്, ജി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.