പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരിൽ നിർമ്മാണം പൂർത്തിയാകാറായ ഇരുനില വീട് തകർന്നു വീണു. മുനമ്പം കവലയിലെ ഓട്ടോ ഡ്രൈവറായ മുല്ലക്കര ഷിയാസിന്റെ വീടാണ് ഞായർ പുലർച്ചെ മൂന്നിന് തകർന്നുവീണത്. വിദേശത്ത് ഡ്രൈവറായിരുന്ന ഷിയാസ് നാല് വർഷം മുമ്പാണ് നാലര സെന്റ് സ്ഥലത്ത് 1460 ചതുരശ്രയടിയിലുള്ള വീടിന്റെ നിർമാണം ആരംഭിച്ചത്. കരിങ്കല്ലിൽ തറക്കെട്ടിയ ശേഷം ചെങ്കല്ലിലാണ് ചുവരുകൾ കെട്ടിപ്പൊക്കിയത്. ഷിയാസ് രണ്ട് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി. ഒന്നാം നിലയുടെ വാർക്ക കഴിഞ്ഞതോടെ സാമ്പത്തിക പ്രയാസം ഉണ്ടായതിനാൽ തുടർന്നുള്ള പണികൾ നിലച്ചിരുന്നു. ഷിയാസ്, ഭാര്യ ഹസീനയും രണ്ട് മക്കളും തൊട്ടടുത്ത് ഷെഡിലായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെ വായ്പയെടുത്താണ് മുകൾനിലയുടെ നിർമാണം തുടങ്ങിയത്. ശനിയാഴ്ചയും പണിക്കാരുണ്ടായിരുന്നു. 20 ലക്ഷത്തിനടുത്ത് തുക ഇതുവരെ നിർമാണത്തിന് ചെലവായതായി ഷിയാസ് പറഞ്ഞു. തുടർച്ചയായ മഴ മൂലം ചെങ്കല്ല് കുതിർന്ന് ദുർബലമായതിനെ തുടർന്ന് ഭാരം താങ്ങാനാവാതെ തകർന്നുവെന്നാണ് കെട്ടിടനിർമ്മാണ രംഗത്തെ വിദഗ്ദ്ധരുടെ നിഗമനം. സംഭവമറിഞ്ഞ് തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, വടക്കേക്കര വില്ലേജ് ഓഫീസർ സന്ധ്യ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.