ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തോട് മുഖം തിരിച്ചുനിന്ന റെയിൽവേ നിർദ്ദിഷ്ട സ്ഥലത്തിന്റെ ഒരു ഭാഗം പാർക്കിംഗ് ഏരിയയാക്കി പണം സമ്പാദിക്കും. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്ത് ഇരുചക്ര വാഹനങ്ങൾക്കായി പുതിയ പാർക്കിംഗ് സംവിധാനം തുറന്നു.
പാലസ് റോഡിൽ നിന്നാരംഭിക്കുന്ന ടാസ് റോഡിൻെറ ഏറ്റവും അറ്റത്താണ് മേൽക്കൂരയോടെ പുതിയ പാർക്കിംഗ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഇവിടെ അഞ്ഞൂറോളം ഇരുചക്രവാഹനങ്ങൾക്ക് വെയിലും മഴയും ഏൽക്കാതെ പാർക്ക് ചെയ്യാം. എസ്.എൻ.ഡി.പി. സ്‌കൂളിന്റെ പിന്നിലെ മതിലിനോട് ചേർന്നാണ് പാർക്കിംഗ് മേഖല. ഇവിടെ റെയിൽവേ ക്വാർട്ടേഴ്‌സുകളാണ് ഉണ്ടായിരുന്നത്. എല്ലാം പഴകി ദ്രവിച്ച് തനിയെ ഇടിഞ്ഞു വീഴുകയായിരുന്നു. പിന്നീട് കുറേക്കാലം കാട്പിടിച്ച് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ ഈ വഴി ഉപയോഗിക്കാതായി.
മണിക്കൂർ വാടക നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് രൂപ. എട്ട് മണിക്കൂർ വരെ 15 രൂപ. ഒരു ദിവസത്തേക്ക് 20 രൂപ. മാസവാടകയാണെങ്കിൽ 360 രൂപ അടച്ചാൽ മതി.
ഹെൽമെറ്റ്, ബാഗ് തുടങ്ങിയവ സൂക്ഷിക്കാനും പാർക്കിംഗ് ഏരിയയിൽ പ്രത്യേക സൗകര്യമുണ്ട്. രാത്രി സമയത്തും വണ്ടി എടുക്കാനും സാധിക്കും. 24 മണിക്കൂർ നിരീക്ഷണ കാമറാ സംവിധാനവുമുണ്ട്.