കൊച്ചി: ട്രാൻസ്‌ജെൻഡർ സമൂഹത്തെ മാറ്റിനിറുത്താനാവില്ലെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന സത്യസായി സൗജന്യ ട്രാൻസ്‌ജെൻഡർ ഡാൻസ് അക്കാഡമിയിലെ നൃത്തവിദ്യാർഥികളുടെ ഭരതനാട്യം അരങ്ങേറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരുടേയും പശ്ചാത്തലം പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവാണ് കലയുടെ സത്തയെന്നും അദ്ദഹം പറഞ്ഞു.

കൊച്ചിൻ ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകൻ കെ.എൻ. ആനന്ദ് കുമാർ, രാംനാഥ് കോവിന്ദിന് ഉപഹാരം കൈമാറി. കൊച്ചിൻ ഷിപ്‌യാർഡ് എക്‌സിക്യുട്ടിവ് ഡയറക്ടർ എ.എൻ. നീലകണ്ഠൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ എന്നിവർ പങ്കെടുത്തു.

രാംനാഥ് കോവിന്ദും പത്‌നിയും ഇന്ന് വൈകിട്ട് 6.30ന് ഡൽഹിക്ക് മടങ്ങും.

ഇന്നലെ പത്‌നി സവിത കോവിന്ദിനും മകൾ സ്വാതി കോവിന്ദിനുമൊപ്പം ശിവക്ഷേത്രത്തിലെത്തിയ

രാംനാഥ് കൊവിന്ദിനെ ക്ഷേത്രം മേൽശാന്തി തുറനെല്ലൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. ട്രാൻസ്‌ജെൻഡർ വിദ്യാർഥികളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചശേഷം രാത്രി എട്ടോടെ അദ്ദേഹം മടങ്ങി.