കോലഞ്ചേരി: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രലിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സഭാ കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് മുന്നോടിയാണിത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് പള്ളിയിൽ പൊലീസ് എത്തിയത്. പള്ളിക്കകത്തേക്ക് ആളുകൾ കയറാതെ കവാടങ്ങളിൽ കാവൽ ഏർപ്പെടുത്തി. ഇതേ സമയം തന്നെ പള്ളിക്കുള്ളിൽ യാക്കോബായ വിഭാഗം പ്രാർത്ഥനായജ്ഞം തുടരുന്നുണ്ട്.

ഓർത്തഡോക്സ് സഭക്കനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹൈകോടതി നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി. നേരത്തെ നാലു വട്ടം പൊലീസ് എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു. ഇത് ഹൈക്കോടതിയുടെ വിമർശനത്തിനിടയാക്കി. ഇതിനെ തുടർന്നാണ് 25 ന് കേസ് പരിഗണിക്കുന്നതിന് മുന്നോടിയായുള്ള പൊലീസ് നടപടി. രാത്രി വൈകിയും പൊലീസ് പള്ളിയിൽ തുടരുകയാണ് .