learn

കൊച്ചി: അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രതിഭാതീരം പദ്ധതി വീണ്ടും വരുന്നു. തീരപ്രദേശങ്ങളിൽ കുട്ടികൾക്കായി വായനശാലകളിൽ ആധുനിക സൗകര്യങ്ങളോടെ ഇ-ലേണിംഗ് കേന്ദ്രം ഒരുക്കുന്ന പദ്ധതിയാണിത്. വായനശാലകളെ പഠനവീടുകളാക്കി പ്രയോജനപ്പെടുത്താവുന്ന പദ്ധതിക്ക് സ‌ർക്കാരിന്റെ ഭരണാനുമതി ലഭിച്ചു.

സംസ്ഥാനത്തെ തീരമേഖലകളിലെ 75 വായനശാലകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വായനശാലയ്ക്ക് 1,34,450 രൂപ വീതം നൽകും. ആകെ 1,00,83,750 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിക്കും. സ്കൂളിൽ നിന്ന് വന്ന ശേഷം കുട്ടികൾക്ക് അതത് സെന്ററുകളിലെ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്താം.

തടസം നീങ്ങുന്നു

2019ൽ ആണ് പദ്ധതി ആരംഭിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ലൈബ്രറികളിൽ ലാപ്‌ടോപ്, പ്രൊജക്ടർ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ സീലിംഗ് മൗണ്ടിംഗ് കിറ്റ്, പ്രൊജക്ടർ സ്‌ക്രീൻ, സ്മാർട്ട് ടി.വി, ഡെസ്‌ക്ടോപ് കമ്പ്യൂട്ടർ, ലേസർ പ്രിന്റർ എന്നീ ഉപകരണങ്ങൾ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ജില്ലാ ലൈബ്രറി കൗൺസിലുകൾ 2019 സെപ്തംബറോടെ തന്നെ പട്ടികയും കൈമാറി. എന്നാൽ, അതിന് ശേഷം നടപടിയുണ്ടായില്ല. കൊവിഡാണ് തടസമായത്. പിന്നീട് ഓരോ ലൈബ്രറിക്കും 1.4 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ 1.06 കോടി രൂപയുടെ ഭരണാനുമതി ആയതായി 2021 ഒക്ടോബർ ആറിന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ പ്രാവ‌ർത്തികമായില്ല. 1.33 കോടി രൂപയുടെ പ്രതിഭാതീരം പദ്ധതിയുടെ നിർദ്ദേശവുമായി എത്തിയ ഫിഷറീസ് ഡയറക്ടറുടെ കത്ത് പരിഗണിച്ച വകുപ്പ് വർക്കിംഗ് ഗ്രൂപ്പ് യോഗം 43,900 രൂപയുടെ ലാപ്‌ടോപ് ഒഴിവാക്കി മറ്റ് പദ്ധതി നടപ്പാക്കാൻ അനുമതി നൽകാൻ ശുപാർശ ചെയ്യുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്.