വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സി.പി.ഐ മുന്നണി എല്ലാ സീറ്റിലും വിജയിച്ചു. 11 അംഗ ഭരണസമിതിയിലേക്ക് കോൺഗ്രസ് 6 സീറ്റിലും സി.പി.ഐ 5 സീറ്റിലുമാണ് മത്സരിച്ചത്. ക്ലൈറ്റൻ പീറ്റർ, ബിജു കണ്ണങ്ങനാട്ട്, മനോജ് ചെമ്മായത്ത്, ടി.എ. മുഹമ്മദ്, പി.എസ് ഷാജി, ഗിരിജ അശോകൻ, ശ്രീജ ഡോളർമാൻ, ബിജു ബോധാനന്ദൻ, പ്രശോഭ് പാലിയംപറമ്പിൽ, സെറ്റഫി റാൻസൺ, ആന്റണി ഫിഗരേദോ എന്നിവരാണ് വിജയികൾ.
വർഷങ്ങളായി സി.പി.എം, സി.പി.ഐ കക്ഷികൾ ഉൾപ്പെടുന്ന ഇടത് മുന്നണിയാണ് ബാങ്ക് ഭരിച്ചിരുന്നത്. നിലവിൽ സി.പി.ഐക്ക് ഭരണസമിതിയിൽ 3 അംഗങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അഞ്ച് സീറ്റ് ആവശ്യപ്പെട്ടത് സി.പി.എം തള്ളിയതോടെയാണ് സി.പി.ഐ ഇടതു മുന്നണി വിട്ട് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.
ഓച്ചന്തുരുത്ത് ബാങ്കിൽ സി.പി.ഐ ഇടതുമുന്നണി വിട്ടത്തോടെ എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളിലെ എല്ലാ സഹകരണ ബാങ്കുകളിലും കോൺഗ്രസ് സി.പി.ഐ സഖ്യമായി. ഞാറക്കൽ, കർത്തേടം ബാങ്കുകളിലും പെരുമ്പിള്ളി സഹകരണസംഘത്തിലും നിലവിൽ കോൺഗ്രസ് സി.പി.ഐ കൂട്ടുകെട്ടാണ് ഭരിക്കുന്നത്. വൈപ്പിൻ കരയുടെ വടക്കൻ മേഖലകളായ നായരമ്പലം, കുഴുപ്പിള്ളി ബാങ്കുകളിൽ സി.പി.എം - സി പി ഐ സഖ്യം, എടവനക്കാട് ബാങ്കിൽ കോൺഗ്രസ് , പള്ളിപ്പുറം ബാങ്കിൽ സി.പി.എം എന്നിങ്ങനെയാണ് നിലവിലെ ഭരണം.