under-passag
അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയശ്രദ്ധ ക്ഷണിക്കൽ പ്രക്ഷോഭം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഞ്ച് മാസം മുമ്പ് ഉദ്ഘാടനമാമാങ്കം നടത്തിയ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റെയിൽവേ അടിപ്പാതയിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ പ്രക്ഷോഭം സംഘടിപ്പിച്ചു. അങ്കമാലി നഗരസഭയിലേയും പാറക്കടവ് ഗ്രാമ പഞ്ചായത്തിലെയും ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പദ്ധതി പ്രദേശത്ത് പ്രക്ഷോഭം നടത്തിയത്. അടിപ്പാത നിർമ്മാണം മന്ദഗതിയിലായതോടെ യാത്രക്കാർ കിലോമീറ്റർ ചുറ്റി പോകേണ്ട ഗതികേടിലാണ്. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജിഷ ശ്യാം അദ്ധ്യക്ഷയായി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.വൈ ഏല്യാസ്,​ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, പി.എൻ ജോഷി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എൻ. മോഹനൻ, വി.വി. രാജൻ, റീന രാജൻ,​ സിപിഎം ലോക്കൽ സെക്രട്ടറി സജി വർഗീസ്, സച്ചിൻ ഐ. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. അടിയന്തരമായി അടിപ്പാത തുറന്ന് കൊടുത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കിൽ എം പി ഓഫീസിലേക്ക് ബഹുജനങ്ങളെ അണിനിരത്തി മാർച്ച് സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. റെസിഡന്റ്സ് അസോസിയേഷന്റെയും വിവിധ ക്ലബുകളുടെയും സാമുദായിക സംഘടനകളുടെയും ഭാരവാഹികൾ സമരത്തിൽ പങ്കെടുത്തു.