മൂവാറ്റുപുഴ: വാഴക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷം നാളെ വൈകിട്ട് 4.30 ന് സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ജോസ് പെരുമ്പിളളിക്കുന്നേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി ബാങ്ക് ലാഭത്തിലാണ്. ബാങ്കിന്റെ പൊതുഫണ്ടിൽ നിന്ന് പണം ചെലവഴിക്കാതെ ആധുനിക രീതിയിൽ ശതാബ്ദി മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയും. കൊല്ലവർഷം 1099 ഇടവം 28 ന് സെന്റ് ജോർജസ് പരസ്പര സഹായ സഹകരണസംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത വാഴക്കുളത്തെ ആദ്യ സഹകരണ പ്രസ്ഥാനമാണിത്. 10355 അംഗങ്ങൾ ഉള്ള ബാങ്കിന്റെ പ്രവർത്തന മൂലധനം 120 കോടി രൂപയും നിക്ഷേപം 116 കോടി രൂപയും വായ്‌പ 89 കോടി രൂപയുമാണ്.
ഉദ്ഘാടന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, കെ.ജി. രാധാകൃഷ്ണൻ, ആൻസി ജോസ്, ജോസി ജോളി വട്ടക്കുഴി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ ജോസ്റ്റാൽ ഫ്രാൻസീസ്, ജയമോൻ യു. ചെറിയാൻ, മുഹമ്മദ് ഷെരീഫ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, വി.കെ. ഉമ്മർ, ഫാ. ജോസഫ് കുഴികണ്ണി തുടങ്ങിയവർ പ്രസംഗിക്കും. പത്ര സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, സെക്രട്ടറി ഷിജുമോൻ വി.എസ്, ഭരണ സമിതി അംഗം സമീർ കോണിക്കൽ എന്നിവരും പങ്കെടുത്തു.