
കൊച്ചി: സംസ്ഥാനത്തിനുമേൽ വീണ്ടും ആശങ്കയുടെ ചിറക് വിരിച്ച് നിപയെത്തുമ്പോൾ എറണാകുളം ജില്ലയും കനത്ത ജാഗ്രതയിലാണ്. കേരളത്തിൽ നിപയുടെ രണ്ടാം വരവ് 2019ൽ പറവൂരിലെ എൻജിനീയറിംഗ് വിദ്യാർത്ഥി ഗോകുൽ കൃഷ്ണ(23)യിലൂടെയായിരുന്നു. യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 320ൽ ഏറെപ്പേരെ നിരീക്ഷിച്ചു. പത്തിലധികം പേരം ഐസലേറ്റ് ചെയ്തു. അങ്ങനെ രോഗവ്യാപനം ഫലപ്രദമായി തടഞ്ഞു. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷം ആരോഗ്യവാനായി ഗോകുൽ ആശുപത്രി വിട്ടു. പിന്നീട് ഓരോ തവണ നിപ റിപ്പോർട്ട് ചെയ്യുമ്പോഴും ജില്ല മുൻകരുതലുകളെടുക്കാറുണ്ട്.
അതേസമയം,എച്ച് വൺ എൻ വൺ പനി ജില്ലയ്ക്ക് തലവേദനയാവുകയാണ്. ആലങ്ങാട് സ്വദേശിയായ നാലുവയസുകാരന്റെ ജീവൻ എച്ച്1എൻ1 കവർന്നു. ഇക്കഴിഞ്ഞ 14 മുതൽ 20വരെ ഏഴ് പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ജില്ലയിൽ 18 പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. മൂന്ന് പേർ മരണപ്പെട്ടു. ജില്ലാ ആരോഗ്യവിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജാഗ്രതയിൽ എറണാകുളം
നിപ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സ്വീകരിക്കേണ്ട നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ജാഗ്രതാ നിർദേശം പുറപ്പെടുവിക്കേണ്ട തരത്തിലുള്ള അവസ്ഥകൾ ജില്ലയിൽ നിലവിലില്ലെന്ന് ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
 നിപ
മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കു പടരുന്ന വൈറസ് രോഗം. വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ വൈറസ് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് വേഗത്തിൽ പകരും
സ്ഥിരീകരണം
തൊണ്ടയിൽനിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.
ശ്രദ്ധ വേണം
വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കുടങ്ങളിൽ ശേഖരിക്കുന്ന കള്ളും പക്ഷികളോ മറ്റോ കടിച്ചതെന്നു തോന്നുന്ന പഴങ്ങളും ഒഴിവാക്കുക.