അങ്കമാലി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഞ്ച് മാസം മുമ്പ് ഉദ്ഘാടനമാമാങ്കം നടത്തിയ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിപ്പാതയിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ പ്രക്ഷോഭം സംഘടിപ്പിച്ചു. അടിപ്പാത നിർമ്മാണം മന്ദഗതിയിലായതോടെ ഈ വഴിയാത്ര ചെയ്യുന്നവർ കിലോമീറ്റർ ചുറ്റി പോകേണ്ട ഗതികേടിലാണ്. അടിപ്പാത നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജിഷ ശ്യാം അദ്ധ്യക്ഷത വഹിച്ച യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ടി.വൈ. ഏല്യാസ്, ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, പി.എൻ. ജോഷി, സി.എൻ. മോഹനൻ, വി.വി. രാജൻ, റീന രാജൻ , സജി വർഗീസ്, സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
അതിനിടെ ഞായറാഴ്ച അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണത്തിലെ അപാകതകളും കാലതാമസവും ചൂണ്ടിക്കാട്ടി യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ സമരം നടത്തിയിരുന്നു. അടിപ്പാത നിർമ്മാണം പൂർത്തിയാക്കി എത്രയും വേഗം സഞ്ചാരത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പട്ട് ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്ത ജനകീയ സമരം ബെന്നി ബഹ്നാൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്. റോജി എം. ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ മാത്യു തോമസ്, മുൻ ചെയർമാൻ റെജി മാത്യു, ജെസ്മി ജിജോ, എസ്.വി. ജയദേവൻ, മെമ്പർ രാജമ്മ, ഫാദർ ജോസ് മാടൻ, ഫാദർ തോമസ് ഓലിക്കൽ, പി.വി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.