കാലടി: ഒരുപാട് സ്വപ്നങ്ങളുമായി കോടികൾ ചെലവഴിച്ച് നിർമ്മിച്ച കാലടി പഞ്ചായത്ത് പൊതുമാർക്കറ്ര് ഇപ്പോൾ ആളൊഴിഞ്ഞ മുറികൾ മാത്രമായി ചുരുങ്ങി. മത്സ്യം, മാംസം, പച്ചക്കറി മാർക്കറ്റ് എന്നത് ബോർഡിൽ ഒതുങ്ങി. ഇവിടെ സ്ഥാപിച്ച സംസ്കരണ പ്ലാന്റും ശീതീകരണ പ്ലാന്റും തുരുമ്പെടുത്തു. പുതുക്കി പണിത മാർക്കറ്റിലെ മുറികളൊന്നും കച്ചവടത്തിന് പറ്റിയതല്ലെന്ന് ലേലം കൊണ്ട് വ്യാപാരികൾ പറയുന്നു. ഒരു കോഴിക്കടയും പന്നിക്കടയും മാത്രമാണ് ഇപ്പോൾ മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. മൂന്ന് കോടിയോളം രൂപ മുടക്കി കെട്ടിടങ്ങൾ മാത്രം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അധികൃതർ ഇതൊരു മാർക്കറ്റ് ആക്കി മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടിച്ചു കൊണ്ടു വരുന്ന മത്സ്യം തരംതിരിച്ച് ലേലം ചെയ്യാനുള്ള സൗകര്യം ഒരുക്കാനായി നൽകിയ കേന്ദ്രഫണ്ട് തീരദേശത്ത് നൽകുന്നതിന് പകരം കാലടിയിലേക്ക് കൊണ്ടുവന്ന് പ്രയോജനമില്ലാതാക്കിയെന്ന ആരോപണവുമുണ്ട്. ശ്രീമൂലനഗരം,കാഞ്ഞൂർ, മലയാറ്റൂർ, കാലടി എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക പൊതു മാർക്കറ്റാണ് ഇന്ന് ഈ നിലയിലെന്ന് പഴയ വ്യാപാരികൾ കുറ്റപ്പെടുത്തി. പണിതിരിക്കുന്ന കെട്ടിടങ്ങളെല്ലാം വെറുതെ കിടക്കുമ്പോഴും തൊട്ടടുത്ത് പച്ചക്കറികൾക്കായി മറ്റൊരു കെട്ടിടം കൂടി പണിതു കൊണ്ടിരിക്കുകയാണ് അവിടെ. ഇക്കാലയളവിൽ മാറിവന്ന ഭരണ സമിതികൾ പഴിചാരുന്നതല്ലാതെ മാർക്കറ്റ് പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
മാർക്കറ്റ് പണിതത്
2017-2022 വർഷങ്ങളിൽ
ഏഴുനിലകൾ പണിയാവുന്ന ഫൗണ്ടേഷൻ
നിലവിൽ ഒരു നില
പത്തിലേറെ മുറികൾ
അനുവദിച്ച തുക
മുൻ ഫിഷറീസ് മന്ത്രി കെ.ബാബു - 2.30 കോടി
മുൻ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ -40 ലക്ഷം
പഞ്ചായത്ത് - 18 ലക്ഷം
ഉണക്ക മത്സ്യമാർക്കറ്റ് ബോർഡിൽ മാത്രം ഒതുങ്ങി. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു സഹകരണവുമില്ലവിത്സൻ
മാർക്കറ്റിലെ
കോഴി വ്യാപാരി
മത്സ്യം,മാംസം,പച്ചക്കറി എന്നിവക്ക് വേണ്ടിയുള്ള പൊതു മാർക്കറ്റ് എന്ന ലക്ഷ്യം നേടാൻ പിന്നീട് വന്ന പഞ്ചായത്തു കമ്മിറ്റികൾക്ക് കഴിഞ്ഞില്ല. മാർക്കറ്റ് യഥാർത്ഥ്യമാകണം. അതിന് ജനരോഷം ഉയരണം.
അഡ്വ. കെ.വി. സാബു
മുൻ പഞ്ചായത്തു പ്രസിഡന്റ്
(യു.ഡി.എഫ് നേതാവ്)
പഞ്ചായത്തു കമ്മിറ്റിയുടെ കാഴ്ചപ്പാടില്ലായ്മയും കാര്യശേഷിയില്ലായ്മയും കാലടിയുടെ പൊതു മാർക്കറ്റെന്ന സ്വപ്നം തകർത്തു. അശാസ്ത്രീയമാണ് അവിടെ നടക്കുന്ന കെട്ടിട നിർമ്മാണം. വിപണി ഉണ്ടാക്കുകയല്ല നിർമ്മാണം നടത്തുക എന്നത് മാത്രമാണ് പുതിയ കമ്മിറ്റിക്ക് താല്പര്യം.
എം.ടി.വർഗീസ്
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
(എൽ.ഡി.എഫ്. നേതാവ്)