വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിൽ 'ആധുനിക മത്സ്യഗ്രാമം' പദ്ധതിക്ക് തുടക്കമിടുന്നു. 7.10കോടി രൂപ ചെലവിൽ മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ഒൻപത് പരിപാടികളാണ് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുകയെന്ന് പദ്ധതിയുടെ ആലോചനായോഗത്തിൽ അദ്ദേഹം പറഞ്ഞു. വെളിയത്താംപറമ്പ് ബീച്ചിൽ ഫിഷ്‌ലാൻഡിംഗ് സെന്റർ ഒരുക്കാൻ ഒരു കോടി ആറ് ലക്ഷം രൂപ ചെലവഴിക്കും. മത്സ്യ സംസ്‌കരണ യൂണിറ്റും ടോയ്‌ലെറ്റ് ബ്ലോക്കും നിർമ്മിക്കാൻ ഒരു കോടി 73 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പുത്തൻകടപ്പുറം ഫിഷ്‌ലാൻഡിംഗ് സെന്ററിൽ ശൗചാലയത്തിന് സൗകര്യമൊരുക്കും.
വിനോദസഞ്ചാരികൾ എത്തുന്ന നെടുങ്ങാട് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. തീര സംരക്ഷണം ഉറപ്പാക്കുന്നതിന് ജൈവ കവചം പദ്ധതിക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വനിതാ ശക്തീകരണത്തിനായി വാഹന കിയോസ്‌കുകളുടെ വിതരണവും പദ്ധതിയുടെ ഭാഗമാണ്.
ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ. ഡോണോ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, വാർഡ് അംഗം എൻ. കെ. ബിന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഹൈബി ഈഡൻ എം.പി. (രക്ഷാധികാരി), കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. (ചെയർമാൻ), കെ.ജെ. ഡോണോ (സഹ രക്ഷാധികാരി), നീതു ബിനോദ് (കൺവീനർ), ഫിഷറീസ് ഡി.ഡി. ബെൻസൺ (ജോയിന്റ് കൺവീനർ), തീരദേശ വികസന കോർപ്പറേഷൻ റീജണൽ മാനേജർ രമേഷ് (ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളും തദ്ദേശ സ്ഥാപന പ്രതിനിധികൾ അംഗങ്ങളുമായി ഇംപ്ലിമെന്റേഷൻ കമ്മിറ്റിക്ക് രൂപം നൽകി.
പദ്ധതിയിൽ വരുന്നത്
വെളിയത്താംപറമ്പ് ബീച്ചിൽ ഫിഷ്‌ലാൻഡിംഗ് സെന്റർ
മത്സ്യ സംസ്‌കരണ യൂണിറ്റും ടോയ്‌ലെറ്റ് ബ്ലോക്കും
പുത്തൻകടപ്പുറം ഫിഷ്‌ലാൻഡിംഗ് സെന്ററിൽ ശൗചാലയം
നെടുങ്ങാട് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റും അനുബന്ധ സൗകര്യങ്ങളും
ജൈവ കവചം പദ്ധതി
വനിതകൾക്ക് വാഹന കിയോസ്‌കുകൾ