കൊച്ചി: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തേവര- കുണ്ടന്നൂർ പാലം ഇന്ന് രാവിലെ എട്ടുമുതൽ ഗതാഗതത്തിന് തുറന്നുനൽകും. പലപ്രാവശ്യമായി മഴമൂലം നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റിവച്ചെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ രണ്ടുദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

റോഡ് അടച്ചതിനെത്തുടർന്ന് തോപ്പുംപടി, വാത്തുരുത്തി, തേവരപ്പാലം, രവിപുരം, തേവര കോളേജിനു മുന്നിലൂടെ നഗരത്തിലേക്കെത്തുന്ന പ്രധാനപാത, കുണ്ടന്നൂർ എന്നിവിടങ്ങളിൽ സമാനതകളില്ലാത്ത ഗതാഗതക്കുരുക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

അതേസമയം ഈ റോഡിൽ ശരിയായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസിനും ആലുവ എൻ.എച്ച് സബ് ഡിവിഷൻ
അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർക്കും പരാതി നൽകി. നിർമ്മാണ പ്രവർത്തനങ്ങളിൽ നിലവാരമില്ലെന്നും തുടക്കംമുതലേ ഇത് ചൂണ്ടിക്കാണിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.