പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് പതാകദിനത്തോടെ തുടങ്ങും. യൂണിയന് കീഴിലെ 72 ശാഖാ യോഗങ്ങളിലും ശ്രീനാരായണ കുടുംബ യൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളിലും എല്ലാഭവനങ്ങളിലും പീതപതാക ഉയർത്തും. യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തും. കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി.ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഗുരുദേവകൃതികളെ ആസ്പദമാക്കിയുള്ള കലാസാഹിത്യ മത്സരങ്ങൾ ശാഖാതലത്തിൽ 28നും മേഖലാതലത്തിൽ ആഗസ്റ്റ് നാലിനും യൂണിയൻ തലത്തിൽ ആഗസ്റ്റ് 10, 11തീയതികളിലും നടക്കും. ശ്രീനാരായണ ദിവ്യജ്യോതി പര്യടനം 12ന് വൈകിട്ട് 5ന് യൂണിയൻ ഹാളിൽ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പര്യടനത്തിനുള്ള ദിവ്യജ്യോതി അന്ന് ഉച്ചയ്ക്ക് രണ്ടിന് ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് സ്വാമി ധർമ്മചൈതന്യ ജ്വലിപ്പിച്ച് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണന് കൈമാറും. യൂണിയൻ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ യൂണിയൻ ആസ്ഥാനത്ത് എത്തിക്കും. 13 മുതൽ 17 വരെ യൂണിയന് കീഴിലുള്ള 72 ശാഖായോഗങ്ങളിൽ ദിവ്യജ്യോതി പര്യടനം നടക്കും. ശ്രീനാരായണ ജയന്തിദിനമായ 20ന് ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ജയന്തിദിന ഘോഷയാത്ര ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. നഗരം ചുറ്റി പഴയ യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയന്തദിന സന്ദേശം നൽകും.