കൊച്ചി: നടപ്പാത കൈയേറിയുള്ള കടക്കാരുടെ കച്ചവടങ്ങളിൽ പൊറുതിമുട്ടി കാൽനട യാത്രക്കാർ. നഗരത്തിലെ പ്രധാന റോഡുകളി​ലെ ഉൾപ്പെടെ നടപ്പാതകളിലെ കടകളുടെ മുൻഭാഗത്ത് ഒഴി​ച്ചി​ടേണ്ട ഭാഗം കെട്ടി​യടച്ച് ഫുട്പാത്തുവരെ കൈയേറി​യുള്ള കച്ചവടമാണ് മറ്റെങ്ങുമില്ലാത്തവിധം കൊച്ചി നഗരത്തിൽ കൊഴുക്കുന്നത്. വഴി​യോരക്കച്ചവടക്കാരും അനധി​കൃത പാർക്കിംഗുകാരും ഫുട്പാത്തുകൾ കൈയടക്കുന്നത് പതിവായിരുന്നെങ്കിലും നിയമനടപടികളൊന്നും ഇല്ലാത്തതിനാൽ സമീപകാലത്താണ് വ്യാപകമായത്.

എം.ജി റോഡും ഷണ്മുഖം റോഡുമുൾപ്പാടെ മെട്രോനഗരി​യി​ലെ വഴി​യാത്രക്കാർ റോഡി​ലി​റങ്ങി​ നടക്കേണ്ട ഗതി​കേടി​ലായി​ട്ടും കൊച്ചി​ കോർപ്പറേഷനോ പൊലീസോ നടപടി​യൊന്നും സ്വീകരി​ച്ചി​ട്ടി​ല്ല. ചിലയിടങ്ങളിൽ നടപ്പാതകളിലേക്ക് കുപ്പിവെള്ളം, ഗ്യാസ് സിലണ്ടറുകൾ എന്നിവയും ഇറക്കിവച്ചിട്ടുണ്ട്. ഫുട്പാത്തിലേക്ക് നീണ്ടുനിൽക്കുന്ന ബോർഡുകൾ സൃഷ്ടിക്കുന്ന തടസങ്ങൾേ വേറെ. ചെറിയ ഹോട്ടലുകളുടെ കസേരകളും ബെഞ്ചുകളും ഫുട്പാത്തിലാണ്.

• മഹാരാജാസ് മെട്രോസ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ഷവർമ്മ യൂണിറ്റ് ഫുട്പാത്തിനോട് ചേർന്നാണ്. ജീവനക്കാരൻ പലപ്പോഴും ഫുട്പാത്തിൽ നിന്നാണ് ജോലിയെടുക്കുന്നത്

• ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് പിന്നിലെ ഫുട്പാത്തിന് മീതെ ചില കടക്കാർ മേൽക്കൂരവരെ കെട്ടി. ഇതേ ഫുട്പാത്തിലെ കടയിലെ പഴക്കുലകൾ ഫുട്പാത്തിന് മുകളിലാണ് കെട്ടിത്തൂക്കിയിട്ടിട്ടുള്ളത്

• എം.ജി റോഡിൽ പത്മ തിയേറ്ററിന് സമീപം സി.എസ്.എം.എൽ നിർമ്മിച്ച ഫുട് പാത്തിൽ കാർപ്പറ്റ് വിരിച്ചും ചെടിച്ചട്ടികൾ നിരത്തിയും പരിസരം ഭംഗിയായി കൈയടക്കിയിട്ട് വർഷങ്ങളായി

• കലൂർ കറുകപ്പിള്ളിയിൽ മിക്കവാറും കടകളുടെ മുൻവശം ഗ്രില്ലുകൾ സ്ഥാപിച്ച് വിശാലമാക്കിയിരിക്കുകയാണ്

• മേനക ജംഗ്ഷൻ, ഇടപ്പള്ളി ജംഗ്ഷൻ, ബ്രോഡ്‌വേ, ഇടപ്പള്ളി ദേവൻകുളങ്ങര ജംഗ്ഷൻ, പാലാരിവട്ടം, കടവന്ത്ര, എം.ജി റോഡ് തുടങ്ങി പ്രധാപ്പെട്ട എല്ലാ മേഖലകളിലും സമാനമായ അവസ്ഥയാണുള്ളത്.

പരാതിപ്പെടാം

കടകളുടെ മുൻവശം നിയമവിരുദ്ധമായി കയറ്റിക്കെട്ടിയാൽ കച്ചവട ലൈസൻസ് റദ്ദാക്കാനാകും. നോട്ടീസ് നൽകിയിട്ടും പാെളിച്ചുനീക്കിയില്ലെങ്കിൽ നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന് പൊളിക്കാം. പക്ഷേ കൗൺസിലർമാരോ ഉദ്യോഗസ്ഥരോ ചെറുവിരൽ അനക്കാറില്ല. കെ സ്മാർട്ടിലൂടെ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി നൽകാം.

നടപടി ഉണ്ടാവും

മേയർ, കളക്ടർ, കമ്മിഷ്ണർ എന്നിവരുടെ നേതൃത്വത്തിൽ ആലോചിച്ച് നടപടി എടുക്കും. കച്ചവടക്കാ‌ർക്ക് ആവശ്യമായ സമയം നൽകും. എന്നിട്ടും ഇവർ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും.

വി.കെ. മിനിമോൾ

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ

നടപ്പാതകളിൽ നിരവധി കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകും.

എം. അനിൽകുമാർ

മേയർ