bank

ആലുവ: കുട്ടമശേരി - കീഴ്മാട് പ്രദേശത്തെ ജനങ്ങളുടെ അത്താണിയായ കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി നിറവിൽ. 1924 ജൂലായ് 25ന് തോട്ടുമുഖം പരസ്പര സഹായ സഹകരണ സംഘമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1980ലാണ് കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് ആയത്. കുട്ടമശേരി മനയ്ക്കൽ പരമേശ്വരൻ ദാമോദരൻ നമ്പൂതിരിപ്പാടായിരുന്നു പ്രഥമ പ്രസിഡന്റ്. 8639 എ ക്ലാസ് അംഗങ്ങളും 4306 ബി ക്ലാസ് അംഗങ്ങളുമുണ്ട്. നിലവിൽ ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് ബാങ്ക് ആണ്. കുട്ടമശേരിയിലെ ഹെഡ് ഓഫീസ് കൂടാതെ കീഴ്മാട്, നാലാംമൈൽ ബ്രാഞ്ചുകളുമുണ്ട്. കാർഷിക മേഖലയുടെ വികസനത്തിനായി വളം ഡിപ്പോ, സഹകരണ സൂപ്പർ മാർക്കറ്റുകളും ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എം. മീതിയൻപിള്ള പ്രസിഡന്റായ ഭരണസമിതിയാണ് ബാങ്കിനെ നിലവിൽ നയിക്കുന്നത്.

ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾ നാളെ വൈകിട്ട് നാലിന് കുട്ടമശേരി എൻ.എം ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള അദ്ധ്യക്ഷനാകും. ബാങ്ക് സെക്രട്ടറി എം.വി. ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. സ്ഥാപക പ്രസിഡന്റിന്റെ കുടുംബാഗം നേത്രൻ നമ്പൂതിരിപ്പാടിനെയും മുൻ പ്രസിഡന്റുമാർ, ജീവനക്കാർ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ആദരിക്കും. ബാങ്ക് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും നൂറ് ശതമാനം വിജയം കൈവരിച്ച കുട്ടമശേരി ഗവ. സ്‌കൂളിനെയും ആദരിക്കും. ഷീജ പുളിക്കൻ, മനോജ് കെ. വിജയൻ, സ്നേഹ മോഹനൻ, കെ. രഘുനാഥൻ നായർ എന്നിവർ പ്രസംഗിക്കും.