വൈപ്പിൻ: കടൽക്കയറ്റം രൂക്ഷമായ വൈപ്പിൻ ദ്വീപിൽ എടവനക്കാട്, പഴങ്ങാട്, നായരമ്പലം, പുത്തൻകടപ്പുറം എന്നിവിടങ്ങളിൽ പ്രശ്നപരിഹാരം ഇനിയുമകലെ. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അനാസ്ഥയ്ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
താത്കാലിക പരിഹാരമായ ജിയോ ബാഗ് നിർമ്മാക്കാനാണ് സർക്കാർ പദ്ധതി. എന്നാൽ പുലിമുട്ട്, ടെട്രോപോഡ് എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും ചെലവ് വഹിക്കുന്ന 156 കോടി രൂപയൂടെ പദ്ധതിയാണ് മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ചപ്പോൾ പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്രാനുമതി ആവശ്യമായ പദ്ധതി ഉടൻ നടപ്പിലാകില്ല. ജിഡ ഫണ്ടിൽ നിന്ന് 56 കോടി രൂപ ചെലവാക്കി ടെട്രോപോഡ് സ്ഥാപിക്കാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെടുന്നു.
20 വർഷം മുമ്പ് ഉണ്ടായ സുനാമിയിൽ എടവനക്കാട് 5 പേർ മരിക്കുകയും കടൽ ഭിത്തികൾ തകർന്നിരുന്നു. എന്നാൽ സംസ്ഥാനത്തിന്റ പലയിടങ്ങളിലും സുനാമി ഫണ്ട് ഉയോഗിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും സുനാമി ദുരന്തമുണ്ടായ എടവനക്കാട് ഒരു പദ്ധതിയും വന്നില്ല. അന്നു തകർന്ന കടൽ ഭിത്തി ഇപ്പോഴും അതേ നിലയിലാണ്. തകർന്നു കിടക്കുന്ന ഭാഗത്ത് കൂടി വെള്ളം വേലിയേറ്റത്തിൽ പോലുമെത്തുന്നു.
ഇക്കുറിയുണ്ടായ കടൽക്കയറ്റത്തിലും രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല.
കടൽ ഭിത്തി നിർമ്മാണം ആരംഭിക്കുന്നതുവരെ സമരം തുടരും. എടവനക്കാട്ടെ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ ഉപരോധിക്കും.
കെ. എസ്. സനിൽകുമാർ
ചെയർമാൻ
ജനകീയ സമരസമിതി എടവനക്കാട്
വൈപ്പിൻ തീരം പൂർണമായി സംരക്ഷിക്കാൻ തയ്യാറാക്കിയ 250 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാക്കണം.
ഫാ.യേശുദാസ് പഴമ്പ